മോസ്കോ: ഉക്രെയിനിൽ കടന്നു കയറാൻ ശ്രമിക്കുന്ന റഷ്യയുമായി ഇനി ചർച്ചയ്ക്ക് ഇല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പുട്ടിനുമായി ചർച്ചയാകാമെന്ന് കഴിഞ്ഞദിവസം ബൈഡൻ തത്വത്തിൽ സമ്മതിച്ചിരുന്നു. ചർച്ചയ്ക്കുള്ള ഈ സന്നദ്ധതയിൽ നിന്നാണ് അമേരിക്ക പിന്മാറിയത്. റഷ്യൻ വിദേശകാര്യമന്ത്രിയുമായി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി നടത്താനിരുന്ന കൂടിക്കാഴ്ചയും റദ്ദാക്കി.
വ്ലാദിമിർ പുട്ടിൻ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് നടത്തിയതെന്ന് ജോ ബൈഡൻ കുറ്റപ്പെടുത്തി. റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിച്ച് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും രംഗത്തെത്തി. വിമത പ്രവിശ്യകളിലേക്ക് റഷ്യ ഇപ്പോൾ നടത്തിയിരിക്കുന്ന സൈനിക നീക്കം യുക്രൈനിലേക്കുള്ള പൂർണ്ണ അധിനിവേശത്തിന്റെ തുടക്കമാണെന്ന് ജോ ബൈഡൻ പറഞ്ഞു.
പഴയ റഷ്യൻ സാമ്രാജ്യം പുനഃസ്ഥാപിക്കാനുള്ള ശ്രമമാണ് പുട്ടിൻ നടത്തുന്നതെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആരോപിച്ചു. റഷ്യയിൽ നിന്നുള്ള സുപ്രധാനമായ നോർഡ് ടൂ പൈപ്പ്ലൈൻ പദ്ധതി നിർത്തിവെക്കുകയാണെന്ന് ജർമനഇന്നലെത്തന്നെ പ്രഖ്യാപിച്ചിരുന്നു.