കുവൈറ്റിൽ ‘ഇന്ത്യൻ കർമ്മ സേന’ സേവന നിരതരായി ‘; ആശ്വാസമായത് പതിനായിരങ്ങൾക്ക്

കുവൈറ്റ്: ഇത് അതിജീവനത്തിൻ്റെ മലയാളി വിജയഗാഥ. ഇവിടെ ജാതിയില്ല. മതമില്ല. കക്ഷി രാഷ്ട്രീയമല്ല. വർഗവർണ വ്യത്യാസമില്ല. ഒരു ചരടിൽ കോർത്ത മുത്തു പോലെ മലയാളികളും ഇന്ത്യക്കാരും.
കൊറോണ ഭീതിക്കൊപ്പം മലയാളികളിൽ ആധിപടരുകയായിരുന്നു. ഒരു വശത്ത് കൊറോണ. മറു ഭാഗത്ത് ജോലി നഷ്ടപ്പെട്ട് മുറിയിലും ഫ്ലാറ്റുകളിലും ചടഞ്ഞുകൂടി അസ്വസ്ഥത ഉള്ളിലൊതുക്കി കഴിയേണ്ടി വന്നതിൻ്റെ വേദന. ഒറ്റപ്പെടലും ആത്മസംഘർഷവും മുന്നിൽ കണ്ട്, അത് തിരിച്ചറിഞ്ഞ് മലയാളികൾ രംഗത്തിറങ്ങി. ജീവിത സംഘർഷങ്ങളിൽ ഇലകൊഴിയും പോലെ നഷ്ടമാകുമായിരുന്ന നിരവധി ജീവനകളുടെ സംരക്ഷകരായി ഇവർ മാറി.

ഓഫീസില്ല, ഫയലില്ല, ചെലവഴിക്കാൻ കോടികളുമില്ല. അതിവിദഗ്ധ മാനേജ്മെൻ്റ് സ്ഥാപനങ്ങൾ മാസങ്ങളുടെ മുന്നൊരുക്കത്തോടെ നടത്തുന്ന പ്രവർത്തനങ്ങൾ ദിവസങ്ങൾക്കും മണിക്കൂറുകൾക്കുള്ളിൽ യാഥാർഥ്യമാക്കാൻ ഇവർ കൈകോർത്തു.

പിന്നെ എല്ലാം പെട്ടന്നായിരുന്നു. 600 അധികം ബിൽഡിംഗുകളിലെ
10000 ത്തിൽ അധികം ഇന്ത്യൻ കുടുംബങ്ങളുടെ വിവരങ്ങളെടുത്തു. സാമൂഹ്യ, സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ അനുഭവസമ്പത്തും സംഘാടക മികവും കൈമുതലാക്കിയ ‘ബാബുജി ബത്തേരി’യുടെ നേത്യത്വത്തിൽ വിവിധ മേഖലകളിലെ പ്രഗൽഭരായ മലയാളികളെയും ഇന്ത്യക്കാരെയും അണിനിരത്തി.

അങ്ങനെയാണ് നിലനിൽപിനായി പരസ്പര സഹകരണത്തിന്റെ പുതിയ മാതൃകയായി ഓൾട്ടർനേറ്റീവ് ഇൻ്റഗ്രൽ ഇൻഷ്യേറ്റീവ് ഫോർ മ്യൂച്ചൽ സപ്പോർട്ട് കുവൈറ്റ് (എയിംസ് -കുവൈറ്റ്) രൂപം കൊണ്ടതും പടക്കളത്തിലിറങ്ങിയതും. ജലീബൽ ഷൂക്കെന്ന ‘കുവൈറ്റിലെ ഇന്ത്യ’യെ 6 ഏരിയകളായി തിരിച്ചു. ഉത്തരവാദിത്തം ഏറ്റെടുത്ത് എല്ലാവരും സംഘാടകരായി.

ഓരോ ബിൽഡിംഗിനും എല്ലായിടത്തും ബിൽഡിംഗ് കോർഡിനേറ്റേഴ്സായി. ബിൽഡിംഗ് കോഓഡിനേറ്റേഴ്സിൻ്റെ പ്രതിനിധികളെ ഉൾപ്പെടുത്തി 35 അംഗ സ്റ്റിയറിംഗ് കമ്മിറ്റി. രൂപം കൊണ്ടു. പിന്നെ എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു. സഹവർത്തിത്വത്തിന്റെ പുതിയ പാത തുറന്നു.

ലോക്ക് ഡൗണിൽ പെട്ടു പോയവർ സ്വയം സന്നദ്ധ സേവകരായി. വിവിധ സേവനങ്ങൾ ആവശ്യമായവരുടെ വിവരങ്ങൾ ശേഖരിച്ചു. ഭക്ഷണമില്ലാത്തവർ, രോഗികൾ, മാതാപിതാക്കൾ കൊറോണ ബാധിച്ച് ആശുപത്രിയിലായപ്പോൾ ഒറ്റപ്പെട്ട കുട്ടികൾ, മാനസിക സംഘർഷം അനുഭവിക്കുന്നവർ – ഞൊടിയെടക്കുള്ളിൽ അവർക്ക് വേണ്ടത് എത്തിച്ചു കൊടുക്കാൻ മലയാളികളുടെ നേത്യത്വത്തിൽ ‘ഇന്ത്യൻകർ മ സേന’ യിറങ്ങി.

അവശ്യ മരുന്നുകളും, ഭക്ഷണ സാധനങ്ങളും പരസ്പരം കൈമാറി.
മെട്രൊ മെഡിക്കൽ കെയർ സൗജന്യമായി നൽകിയ അവശ്യ മരുന്നുകൾ ആദ്യഘട്ടത്തിൽ ഏറ്റുവാങ്ങി എയിംസ് വിതരണം ചെയ്തപ്പോൾ നൂറു കണക്കിന് ഇന്ത്യക്കാർക്ക് ആശ്വാസമായി. എളിയ തോതിൽ ഈ സംരംഭത്തിൻ്റെ ഭാഗമാകാൻ സാധിച്ചതിന്റെ ചാരിതാർത്ഥ്യമുണ്ട് ഓരോ മലയാളിക്കും ഇന്ത്യക്കാരനും.