
കൊറോണ വ്യാപന പശ്ചാത്തലത്തിലും സമ്മേളനങ്ങൾ മാറ്റേണ്ടെന്ന് സിപിഎം വിലയിരുത്തൽ. സമ്മേളനം നടത്താൻ സാഹചര്യമൊരുക്കാൻ കൊറോണ നിയന്ത്രണങ്ങളിലും സർക്കാർ മാറ്റം വരുത്തും. ഞായറാഴ്ച നിയന്ത്രണം എടുത്തുകളയുമെന്നാണ് സൂചന.സംസ്ഥാന സമ്മേളനം മാർച്ച് ഒന്ന് മുതൽ നാലുവരെ കൊച്ചിയിൽ നടത്തും. പാർട്ടി കോൺഗ്രസ് ഏപ്രിലിലും, മാറ്റിവച്ച സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ഫെബ്രുവരി അവസാനവും നടത്തും. ഇതുസംബന്ധിച്ച് ഫെബ്രുവരി 17 മുതൽ 20 വരെ ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും.
ജനുവരി 28, 29, 30 തീയതികളിൽ നടക്കേണ്ടിയിരുന്ന സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ മാറ്റുകയായിരുന്നു. ഇതിൻ്റെ തിയതിയും താമസിയാതെ നിശ്ചയിക്കും. ഹൈക്കോടതി വിധിയെത്തുടർന്നു കാസർകോട് ജില്ലാ സമ്മേളനം ഒറ്റ ദിവസത്തിലൊതുക്കാൻ നിർബന്ധിതമായ സിപിഎം, പിന്നീട് തൃശൂർ ജില്ലാ സമ്മേളനവും വെട്ടിച്ചുരുക്കിയിരുന്നു.