ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ വ്യക്തിപരമായ അധിക്ഷേപത്തിൽ കെടി ജലീൽ ഒറ്റപ്പെടുന്നു. സിപിഎം കൈവിട്ടതോടെ ജലീൽ തന്നെ വിമർശനങ്ങളെ നേരിടേണ്ടി വരും. ഇന്നലെ ലോകായുക്തയുടെ പേരെടുത്ത് പറയാതെ ഗുരുതര ആരോപണങ്ങൾ ജലീൽ ഉന്നയിച്ചതിന് പിന്നാലെ പ്രതിപക്ഷത്ത് നിന്നുള്ള വിമർശനം ശക്തമായിരുന്നു.തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകയ്യും ആർക്ക് വേണ്ടിയും ചെയ്യുന്ന ആളാണ് ലോകായുക്തയെന്നാണ് ജലീൽ ആക്ഷേപിച്ചത്. യുഡിഎഫ് നേതാവിനെ പ്രമാദമായ കേസിൽ നിന്നും രക്ഷപ്പെടുത്താൻ സഹോദര ഭാര്യക്ക് എംജി സർവകലാശാലയിൽ വിസി പദവി വിലപേശി വാങ്ങിയെന്നും ജലീൽ ആരോപിച്ചു. നേരിട്ട് പേര് പറയുന്നില്ലെങ്കിലും തനിക്കെതിരായ വിധി കൂടി പറയുന്ന ജലീൽ നൽകുന്ന സൂചനകളെല്ലാം ജസ്റ്റിസ് സിറിയക് ജോസഫിനെതിരെയാണ്.ലോകായുക്ത ഓർഡിനൻസിനെ ചൊല്ലിയുള്ള വിവാദം മുറുകുന്നതിനിടെയാണ് ജലീലിൻറെ കടുത്ത ആരോപണം.
ലോകായുക്ത ഭേദഗതിയെ ന്യായീകരിക്കാനുള്ള ഫേസ് ബുക്ക് പോസ്റ്റിലുള്ളത് ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ അതീവ ഗൗരവമേരിയ വ്യക്തിപരമായ ആരോപണങ്ങൾ. യുഡിഎഫ് നേതാവിനെ പ്രമാദമായ ഒരു കേസിൽ നിന്നും രക്ഷപ്പെടുത്താൻ സ്വന്തം സഹോദരി ഭാര്യക്ക് എംജി യൂണിവേഴ്സിറ്റി വിസി പദവി വിലപേശി വാങ്ങിയ ഏമാൻ എന്നാണ് വിമർശനം. മൂന്ന് കേന്ദ്ര ഏജൻസികൾ അരിച്ചുപെറുക്കിയിട്ടും നയാപൈസയുടെ ക്രമക്കേട് കണ്ടെത്താതാതെ പത്തി മടക്കി പിൻവാങ്ങിയപ്പോൾ പിണറായി സർക്കാറിനെ പിന്നിൽ നിന്നും കുത്താൻ യുഡിഎഫ് പുതിയ കത്തി കണ്ടെത്തി എന്നാണ് ലോകായുക്തയെ കുറിച്ചുള്ള അടുത്ത ആരോപണം.