കാനഡയിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി; വാക്സിൻ നിർബന്ധമാക്കിയതിനെതിരെ വൻ പ്രതിഷേധം

ഒട്ടാവ: കാനഡയിൽ വാക്സിൻ നിർബന്ധമാക്കിയതിനെതിരെ പാർലമെന്റിന് മുന്നിൽ വൻ പ്രതിഷേധം. സുരക്ഷ പരിഗണിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെയും കുടുംബത്തെയും ഔദ്യോഗിക വസതിയിൽ നിന്നും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. വാക്സിൻ നിർബന്ധമാക്കിയതിനെതിരെ ‘ഫ്രീഡം കോൺവോയ്’ എന്ന് പേരിട്ടിരിക്കുന്ന ആയിരക്കണക്കിന് ട്രക്ക് ഡ്രൈവർമാരുടെ അപൂർവ പ്രതിഷേധത്തിനാണ് കാനഡ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. കാനഡയിൽ 90 ശതമാനം പേരും വാക്സിനെടുത്തവരാണെന്നും അതിനാൽ, അമേരിക്കയ്ക്കും ക്യാനഡയ്ക്കുമിടയിൽ സഞ്ചരിക്കുന്ന ട്രക്ക് ഡ്രൈവർമാർ നിർബന്ധമായും വാക്സിൻ എടുക്കണമെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഉത്തരവിനെതിരായാണ് ട്രക്ക് ഡ്രൈവർമാരും മറ്റ് സമരക്കാരും ഇപ്പോൾ വാഹനവ്യൂഹവുമായി കാനഡ ലക്ഷ്യമാക്കി നീങ്ങുന്നത്.

ജനുവരി 23-ന് വാൻകൂവറിൽനിന്നാണ് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നെത്തിയ ട്രക്കുകൾ പ്രതിഷേധയാത്ര പുറപ്പെട്ടത്.ഈ വാഹനവ്യൂഹം ഒട്ടാവയിലെത്തിയതായാണ് റിപ്പോർട്ടുകൾ. സമരക്കാർ പ്രധാനമന്ത്രിയെയാണ് ലക്ഷ്യം വച്ചിരിക്കുന്നതെന്നും സമരം അക്രമത്തിലേക്ക് നീങ്ങിയേക്കുമെന്നുമാണ് സർക്കാരിന്റെ വിലയിരുത്തൽ. അതേസമയം പ്രക്ഷോഭകരിൽ ചിലർ യുദ്ധ സ്മാരകങ്ങളിലും സൈനികരുടെ ശവകുടീരങ്ങളിലും നൃത്തം ചെയ്തതും അപമാനിച്ചതും വലിയ എതിർപ്പിന് കാരണമായിട്ടുണ്ട്. ഇതിനെ അപലപിച്ച് സൈനിക തലവൻമാരും പ്രതിരോധ മന്ത്രിയും രംഗത്തെത്തി.പതിനായിരത്തോളം പ്രക്ഷോഭകർ ഇന്ന് തലസ്ഥാനത്ത് എത്തുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. എന്നാൽ പോലീസ് കരുതുന്നതിലും കൂടുതൽ പ്രക്ഷോഭകർ എത്തുമെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. പ്രക്ഷോഭം രാജ്യത്ത് അക്രമങ്ങൾക്കും കലാപങ്ങൾക്കും കാരണമാകുമെന്ന് താൻ ആശങ്കപ്പെടുന്നതായി പ്രധാനമന്ത്രി ട്രൂഡോ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഒരു ചെറിയ ന്യൂനപക്ഷം മാത്രമാണ് സമരത്തിലുള്ളതെന്നും ഇവർ കനേഡിയൻ ജനതയയെ പ്രതിനിധീകരിക്കുന്നവരല്ലെന്നും ട്രൂഡോ വ്യക്തമാക്കിയിരുന്നു.