ന്യൂഡെൽഹി: പെഗാസസ് വിവാദത്തിൽ പ്രതികരണവുമായി കേന്ദ്ര സർക്കാർ. സുപ്രീം കോടതി ചുമതലപ്പെടുത്തിയ സമിതിയുടെ അന്വേഷണം പുരോഗമിക്കുകയാണെന്നും സമിതിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും കേന്ദ്രം പറഞ്ഞു.’വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സുപ്രീം കോടതി നിയോഗിച്ച സമിതി വിഷയം സൂക്ഷ്മമായി പരിശോധിച്ച് വരികയാണ്. സമിതിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുന്നു.’- കേന്ദ്ര സർക്കാർ വ്യത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടുചെയ്തു.
ഇസ്രായേലി ചാര സോഫ്റ്റ്വെയറായ പെഗാസസ് 2017ൽ ഒരു പ്രതിരോധ ഇടപാടിന്റെ ഭാഗമായി ഇന്ത്യ വാങ്ങിയെന്ന ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തലിനെ തുടർന്നാണ് വീണ്ടും പെഗാസസ് ചർച്ചാ വിഷയമായത്. രണ്ട് ബില്യൺ ഡോളറിന്റെ ഈ ഇടപാടിലെ പ്രധാന ആകർഷണങ്ങൾ പെഗാസസ് സോഫ്റ്റ്വെയറും ഒരു മിസൈൽ സംവിധാനവുമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കളും വിമർശനവുമായി രംഗത്തെത്തി. മോദി സർക്കാർ ചെയ്തത് രാജ്യദ്രോഹമാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. വിഷയം പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ ഉന്നയിക്കുമെന്ന് കോൺഗ്രസ് പാർട്ടിയും വ്യക്തമാക്കി. പിന്നാലെയാണ് വിഷയത്തിൽ കേന്ദ്ര സർക്കാർ വൃത്തങ്ങളിൽനിന്നുള്ള പ്രതികരണം ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ടത്.