കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമന ഹര്‍ജി 24 ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റി

കൊച്ചി: കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറായി ഡോ: ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത് ചോദ്യം ചെയ്ത് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിൽ ഫയൽ ചെയ്ത അപ്പീൽ ഹർജി പരിഗണിക്കുന്നതിന് ജനുവരി 24 ലേക്ക് മാറ്റി. വൈസ്ചാൻസിലറുടെ അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ചാണ് കേസ് മാറ്റിയത്. വിസി നിയമനത്തിനുളള പ്രായപരിധി മാനദണ്ഡം ലംഘിച്ചെന്നും സെർച്ച് കമ്മിറ്റിയുടെ പരിശോധന ഇല്ലാതെയാണ് നിയമനമെന്നുമാണ് അപ്പീലിലുളളത്. യുജിസി ചട്ടങ്ങളും സ‍ർക്കാർ നിലപാടും ചേർന്നുപോകുന്നതല്ലെന്നും അപ്പീലിൽ പറയുന്നു. അതുകൊണ്ടുതന്നെ വിസിയുടെ പുനർനിയമനം റദ്ദാക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രന് തുടരാമെന്ന് നേരത്തേ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന് എതിരെയാണ് സേവ് യൂണിവേഴ്സിറ്റി ഫോറം ഡിവിഷൻ ബഞ്ചിൽ അപ്പീൽ സമർപ്പിച്ചത്. വലിയ വിവാദമായ കണ്ണൂർ വിസി പുനർനിയമനത്തിൽ സർക്കാരിന് താത്കാലിക ആശ്വാസമായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്.ഗവർണർക്ക് വേണ്ടി അഡ്വക്കേറ്റ് ജനറൽ നോട്ടീസ് കൈപ്പറ്റില്ലെന്ന് കോടതിയെ ബോധിപ്പിച്ച തിനെതുടർന്ന് പ്രത്യേക ദൂതൻ മുഖേന ഗവർണർക്ക് കോടതി നോട്ടീസ് നൽകിയതിനെ തുടർന്ന് ഗവർണർ പ്രത്യേക അഭിഭാഷകനെ നിയോഗിക്കുകയായിരുന്നു. വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് പുതിയ നിയമനിർമ്മാണത്തിനുള്ള സാധ്യതകൾ കൂടിആരായുന്നതിനാണ് കേസ് നീട്ടിവെച്ചതെന്നും അറിയുന്നു.ഗവർണർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ് കണ്ണന്താനവും, സർക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണക്കുറുപ്പും, കണ്ണൂർ വിസി ക്ക് വേണ്ടി മുൻ അഡ്വക്കേറ്റ് ജനറൽ രഞ്ജിത് തമ്പാനവുമാണ് ഹാജരായത്. ഹർജിക്കാരായ ഡോ:പ്രേമചന്ദ്രൻ കീഴോത്ത്, ഡോ:ഷിനോ.പി. ജോസ് എന്നിവർക്കുവേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടവുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ ഹാജരായത്.