കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ ഏഴാം പ്രതിയായ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘം വിചാരണക്കോടതിയെ സമീപിക്കും. ദിലീപിനെതിരേ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയ സംവിധായകന് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി മറ്റന്നാള്‍ രേഖപ്പെടുത്തുന്നുണ്ട്. അതിനുശേഷം ദിലീപിനെ വിളിച്ചുവരുത്താനാണു ധാരണ. ദിലീപിനെ ചോദ്യംചെയ്തശേഷമാകും ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ നല്‍കുക.
ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാവും ജാമ്യം റദ്ദാക്കാന്‍ അപേക്ഷ നല്‍കുക. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, നടിക്കെതിരേ മോശം പരാമര്‍ശം നടത്തരുത് തുടങ്ങിയ ജാമ്യവ്യവസ്ഥകള്‍ ദിലീപ് ലംഘിച്ചതിനു തെളിവുണ്ടെന്നു പോലീസ് പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്ക്കെതിരേ വധഭീഷണി മുഴക്കിയതും ജാമ്യം റദ്ദാക്കാന്‍ മതിയായ കാരണമാണെന്നു പോലീസ് പറയുന്നു.
മുന്‍കൂര്‍ ജാമ്യം തേടിയോ എഫ്.ഐ.ആര്. റദ്ദാക്കാനോ കോടതിയെ സമീപിക്കാന്‍ ദിലീപിനു നിയമതടസമില്ല.
ഐ.പി.സി. 116, 118, 120 ബി, 506, 34 എന്നീ വകുപ്പുകളാണ് ചുമത്തിയത്. 2017 നവംബര്‍ 15-നു ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലുള്ള പത്മസരോവരം വീട്ടിലെ ഹാളില്‍ വച്ചു കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് എഫ്.ഐ.ആറിലുള്ളത്. നിലവിലെ സാഹചര്യത്തില്‍ അന്വേഷണ സംഘത്തിന് ആവശ്യമെങ്കില്‍ ദിലീപിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാന്‍ നിയമതടസമില്ല.
പുതിയ എഫ്.ഐ.ആറില്‍ ദിലീപിനെതിരേ ജാമ്യമില്ലാ വ്യവസ്ഥകളാണു ഉള്‍പ്പെടുത്തിയതെങ്കിലും അറസ്റ്റിനു സാങ്കേതിക തടസമുണ്ട്.
ഗൂഢാലോചനക്കുറ്റം പ്രാഥമികമായി ബോധ്യപ്പെട്ടാല്‍ അറസ്റ്റ് രേഖപ്പെടുത്താമെങ്കിലും ഒരു കുറ്റകൃത്യത്തിന്റെ പേരില്‍ രണ്ട് അറസ്റ്റിനു നിയമതടസമുണ്ട്. അതാണ് ആദ്യകേസിലെ ജാമ്യം റദ്ദാക്കാന്‍ അപേക്ഷ നല്‍കുന്നത്.
ജാമ്യം റദ്ദായാല്‍ വീണ്ടും റിമാന്‍ഡിലാകും. ഫലത്തില്‍ അത് അറസ്റ്റിനു പകരമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ആദ്യകേസിന്റെ തന്നെ തുടരന്വേഷണമാണു ഇപ്പോള്‍ നടക്കുന്നത്. കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണും മെമ്മറികാര്‍ഡും കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.
അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്തണമെന്നു ദിലീപും സംഘവും പറയുന്ന ശബ്ദരേഖകളില് ദിലീപിന് അന്വേഷണ ഉദ്യോഗസ്ഥരോടു കടുത്ത പകയുണ്ടെന്നു വ്യക്തമാണ്. തന്റെ ദേഹത്തു കൈവച്ച അന്വേഷണ ഉദ്യോഗസ്ഥന് സുദര്‍ശന്റെ കൈ വെട്ടണമെന്ന് ദിലീപ് പറയുന്ന ശബ്ദരേഖ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ദിലീപിനു പോലീസ് മര്‍ദനമേറ്റിട്ടുണ്ടെന്നു പള്‍സര്‍ സുനിയുടെതായി അടുത്തിടെ പുറത്തു വന്ന കത്തിലും പറയുന്നുണ്ട്.