കണ്ണൂര്‍: മാടായിപ്പാറയില്‍ സില്‍വര്‍ ലൈന്‍ സര്‍വേക്കല്ലുകള്‍ പിഴുതിട്ട നിലയില്‍. പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി. കെ-റെയില്‍ സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞതിന് പിന്നാലെയാണ് സര്‍വേക്കല്ല് പിഴുതുമാറ്റിയ നിലയില്‍ കണ്ടത്.
യുദ്ധസന്നാഹത്തോടെ കല്ലിടൽ തടയും. തുടക്കം മുതൽ ഒടുക്കം വരെ കുറ്റികൾ പിഴുതെറിയും. ക്രമസമാധാനത്തകർച്ച മുഖ്യമന്ത്രിക്ക് വിളിച്ചുവരുത്താമെന്നും സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പദ്ധതിയിൽനിന്ന് അഞ്ച് ശതമാനം കമ്മീഷനാണ് പ്രതീക്ഷിക്കുന്നത്. ഈ കമ്മീഷനിലാണ് മുഖ്യമന്ത്രിയുടെ കണ്ണ്. കമ്മീഷനടിക്കാൻ പിണറായി പണ്ടേ സമർഥനാണ്. ലാവ്ലിനിൽ ഇത് കണ്ടതാണെന്നും സുധാകരൻ പരിഹസിച്ചിരുന്നു.