മുംബൈ: ഇന്ത്യയിൽ ആദ്യ ഒമിക്രോൺ മരണം സ്ഥിരീകരിച്ചു. നൈജീരിയിൽ നിന്നെത്തിയ 52കാരൻ കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയിൽ മരിച്ചത്. പിന്നീട് നടന്ന പരിശോധനയിൽ ഒമിക്രോൺ സ്ഥിരീകരിക്കുകയായിരുന്നു.
ഹൃദസ്തംഭനം മൂലമാണ് മരണമെന്നായിരുന്നു ആദ്യ പരിശോധനയിൽ കണ്ടെത്തിയത്. നാഷണൽ ഇൻസ്റ്റിറ്റിയുട്ട് ഓഫ് വൈറോളജിയിൽ ഇദ്ദേഹത്തിന്റെ സാമ്പിൾ അയച്ചിരുന്നു. ഈ പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
ലോകത്തിലെ തന്നെ നാലാമത്തെ ഒമിക്രോൺ മരണമെന്നാണ് ഇത് കരുതപ്പെടുന്നത്. മരണത്തിന്റെ പശ്ചാത്തലത്തിൽ ഇയാളുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ അതീവ ജാഗ്രത നിർദേശവും പുറപ്പെടിവിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽ 198 പേർക്കാണ് വ്യാഴാഴ്ച ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 450 ആയി. രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ 961 ആയി ഉയർന്നു. ഇതിൽ 320 രോഗികളും ഇതിനോടകം രോഗമുക്തരായി.