കൊച്ചി: കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച ഇതര സംസ്ഥാന തൊഴിലാളികളില്‍ നാല് പേരെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. മണിപ്പൂര്‍ സ്വദേശികളായ ആദ്യ മൂന്ന് പ്രതികളെയും ജാര്‍ഖണ്ഡ് സ്വദേശിയായ പതിനാലാം പ്രതിയേയുമാണ് കസ്റ്റഡിയില്‍ വിട്ടത്.
ആക്രമണത്തില്‍ പ്രധാന പങ്കുവഹിച്ചവരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് സംഘർഷത്തിന് പിന്നിലെ കാരണങ്ങളെകുറിച്ച് വിശദമായി അന്വേഷിക്കാനാണ് തീരുമാനം. ഇവര്‍ക്ക് ലഹരി വസ്തുക്കള്‍ എത്തുന്നത് എങ്ങനെയാണെന്നതിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
അതിനിടെ കിഴക്കമ്പലത്ത് പൊലീസിനെതിരെ ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നുമുണ്ടായ ആക്രമണം പ്രത്യേക സംഭവമാണെന്നും പൊലീസിനെ കരുതികൂട്ടി ആക്രമിച്ചതാണെന്ന് ഇതുവരെ അന്വേഷണത്തിൽ തെളിഞ്ഞിട്ടില്ലെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു. സംഘടിത കുറ്റതൃത്യങ്ങൾ തടയാൻ തുടർച്ചയായ പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
അതേ സമയം കിറ്റെക്സിൽ നേരിട്ടെത്തി പരിശോധന നടത്തിയ ലേബ൪ കമ്മീഷണ൪ എസ് ചിത്ര തൊഴിൽ മന്ത്രിക്ക് നൽകേണ്ട റിപ്പോർട്ട് ഇന്ന് തയ്യാറാക്കു൦. രേഖകൾ ഉൾപ്പെടെ പരിശോധിച്ച് ഉടൻ സ൪ക്കാരിന് റിപ്പോർട്ട് നൽകുമെന്ന് ലേബ൪ കമ്മീഷണ൪ വ്യക്തമാക്കി.