ജനീവ: ലോകത്ത് കൊറോണ സുനാമി ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനാമേധാവി ടെഡ്രോസ് അദാനം. ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങളുടെ വ്യാപനം മൂലം രോഗികളുടെ എണ്ണം കുതിച്ചുയരും ആരോഗ്യസംവിധാനങ്ങൾ പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇരട്ട ഭീഷണിയാണ് ഡെൽറ്റ, ഒമൈക്രോൺ വകഭേദങ്ങൾ. ഇവയുടെ വ്യാപനം പുതിയ കേസുകളുടെ എണ്ണം റിക്കാർഡിൽ എത്തിക്കും. ആശുപത്രികളിൽ എത്തുന്നവരുടേയും മരണങ്ങളുടെയും വർധനവിന് ഇതു കാരണമാകും.
ആഗോളതലത്തിൽ പുതിയ കേസുകളുടെ എണ്ണം 11 ശതമാനമാണ് ഉയർന്നത്. അതേസമയം അമേരിക്കയിലും ഫ്രാൻസിലും ബുധനാഴ്ച റിക്കാർഡ് പ്രതിദിന കേസുകളാണ് രേഖപ്പെടുത്തിയത്. ഡെൽറ്റയേക്കാൾ ഒമിക്രോണിന് തീവ്രവ്യാപന ശേഷിയുള്ളതിനാൽ കൊറോണ സുനാമിയിലേക്ക് ഇത് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.