ആലുവാ മുട്ടത്ത് കാർ നിയന്ത്രണം വിട്ട് കടയിലും ഓട്ടോയിലും ഇടിച്ച് മൂന്നു പേർ മരിച്ചു

ആലുവ: ദേശീയപാതയിൽ മുട്ടത്ത് തൈക്കാവ് ഭാഗത്ത് നിയന്ത്രണം വിട്ട കാർ ഓട്ടോയിലും കടയിലും ഇടിച്ചു കയറി അച്ഛനും മകളുമടക്കം മൂന്ന് പേര്‍ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. തൃക്കാക്കര തോപ്പില്‍ മറ്റത്തില്‍ മജേഷ് (35), മകള്‍ അര്‍ച്ചന (എട്ട്), ചൂര്‍ണിക്കര മുട്ടം സ്വദേശി പുതുവയില്‍ കുഞ്ഞുമോന്‍ (55) എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. പരിക്കേറ്റ കാര്‍ ഡ്രൈവര്‍ തൊടുപുഴ സ്വദേശി രഘു (65)വിനെ കളമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലഹാരമുണ്ടാക്കി വിറ്റിരുന്ന ഷാഹുല്‍ ഹമീദ് (34), ഷിനോദ് (32), പലഹാരം വാങ്ങാനെത്തിയ മുട്ടം സ്വദേശി സനോജ് (38) എന്നിവർക്കും പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുട്ടത്തെ മെട്രോ യാര്‍ഡിന് സമീപമുള്ള കടയിൽ പലഹാരങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു മരിച്ചവർ. നിയന്ത്രണം വിട്ട കാര്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ ഇടിച്ചു തെറിപ്പിച്ചു. പലഹാരം വാങ്ങാനെത്തിയതായിരുന്നു കുഞ്ഞുമോനും.
ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് മകളുമൊത്ത് പാതാളം ഇ.എസ്.ഐ. ആശുപത്രിയില്‍ പോയി തിരിച്ചു വരുമ്പോഴാണ് മജേഷ് പലഹാരം വാങ്ങാൻ ഓട്ടോ നിർത്തിയത്. അച്ചനും മകളും പലഹാരം വാങ്ങുന്നതിനിടെ കാർ പാഞ്ഞ് വന്ന് കയറുകയായിരുന്നു.

ഓട്ടോ ഡ്രൈവറായ മജേഷ് ബി.ജെ.പി. തൃക്കാക്കര ഏരിയാ കമ്മിറ്റിയംഗമാണ്. അപകടത്തിൽ മരിച്ച മകള്‍ അര്‍ച്ചന കളമശേരി സെന്റ് ജോസഫ്സ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്. കുഞ്ഞുമോന്‍ അത്താണിയില്‍ ലോറി ബ്രോക്കര്‍ ഓഫീസ് നടത്തുകയാണ്. ഭാര്യ ഐഷാബീവി. മക്കള്‍: അന്‍ഷി കുഞ്ഞുമോന്‍, അഷ്മി കുഞ്ഞുമോന്‍. മരുമകന്‍: ഫയാസ്. മൃതദേഹങ്ങള്‍ കളമശേരിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.