ന്യൂഡെൽഹി: ലോകമെങ്ങും ഒമിക്രോൺ ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനം മാറ്റിവച്ചു. ജനുവരി ആറിനാണ് പ്രധാനമന്ത്രി യുഎഇ സന്ദർശിക്കാനിരുന്നത്. 2022ലെ അദ്ദേഹത്തിന്റെ ആദ്യ വിദേശയാത്രയായിരുന്നു ഇത്.
ഇരുരാജ്യങ്ങളും തങ്ങളുടെ നയതന്ത്രബന്ധത്തിന്റെ 50-ാം വാർഷികം ആഘോഷിക്കാനിരിക്കെയാണ് തന്ത്രപ്രധാനമായ യുഎഇ സന്ദർശനം പ്രധാനമന്ത്രി നടത്താനിരുന്നത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ദുബായ് എക്സ്പോയും പ്രധാനമന്ത്രി സന്ദർശിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
ഗൾഫ് രാജ്യത്തിലെ മൊത്തം ജനസംഖ്യയുടെ 30 ശതമാനത്തോളം വരുന്ന 33 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് യുഎഇയിലുള്ളത്. 2015ലാണ് പ്രധാനമന്ത്രി മോദി ആദ്യമായി യുഎഇ സന്ദർശിച്ചത്.
2018 ഫെബ്രുവരിയിൽ ദുബായിൽ നടന്ന ആറാമത്തെ ലോക ഗവൺമെന്റ് ഉച്ചകോടിക്കായി പ്രധാനമന്ത്രി വീണ്ടും യുഎഇ സന്ദർശിച്ചു. യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് സ്വീകരിക്കുന്നതിനായി 2019 ഓഗസ്റ്റിൽ അദ്ദേഹം വീണ്ടും ഗൾഫിൽ എത്തിയിരുന്നു.