കോട്ടയം: രാത്രി കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ലഹരി ഉപയോഗം തടയുന്നതിന് പുതുവത്സരാഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ കർശന നിരീക്ഷണവുമായി പോലീസ്. പുതുവത്സരാഘോഷങ്ങൾക്കു വൻതോതിൽ ലഹരി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്. വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് ചീഫുമാർക്കു ഡിജിപി നിർദേശം നല്കി.
രാത്രി 10നു ശേഷം ഡിജെ പാർട്ടികൾ നടത്താൻ പാടില്ലെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഡിജെ പാർട്ടികൾ വിവരം മുൻകൂട്ടി അതതു പോലീസ് സ്റ്റേഷനുകളിൽ അറിയിക്കണം. ഇതോടെ പാർട്ടികൾ നടക്കുന്ന ഹോട്ടലുകൾ സ്പെഷൽ ബ്രാഞ്ച് നിരീക്ഷിക്കും.
ഇതിനു പുറമേ ഡിജെ പാർട്ടികൾ സംഘടിപ്പിക്കുന്ന ഹോട്ടലുകളിൽ സിസിടിവി കാമറകൾ കൃത്യമായി പ്രവർത്തിപ്പിക്കണമെന്നും ഈ കാമറകളിലെ ദൃശ്യങ്ങൾ സൂക്ഷിച്ചുവയ്ക്കണമെന്നും പോലീസ് നിർദേശിച്ചിട്ടുണ്ട്. ഡിജെ പാർട്ടികൾ സംഘടിപ്പിക്കുന്ന ഹോട്ടലുകാർക്ക് ഇതുസംബന്ധിച്ച നോട്ടീസും പോലീസ് നൽകും.
ലഹരിമരുന്ന് ഉപയോഗം വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് ഡിജെ പാർട്ടികൾക്കു നിയന്ത്രണം ഏർപ്പെടുത്താൻ പോലീസ് തീരുമാനിച്ചിരിക്കുന്നത്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പലേടങ്ങളിലും ഡിജെ പാർട്ടികൾ സംഘടിപ്പിക്കാറുണ്ട്.
ഈ പാർട്ടികളിലൊന്നും ലഹരിമരുന്ന് ഉപയോഗവും അനിഷ്ട സംഭവങ്ങളും ഉണ്ടാകാതിരിക്കാനാണു പോലീസിന്റെ ശ്രമിക്കുന്നത്. അടുത്തയിടെ വിവിധ സ്ഥലങ്ങളിൽ നടന്ന ആക്രമണങ്ങൾക്കു പിന്നിൽ ലഹരിമരുന്ന് ഉപയോഗമാണെന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ലഹരി ഒഴുകാൻ സാധ്യതയുള്ള ഡിജെ പാർട്ടികൾക്കു പോലീസ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
സാധാരണ പുതുവത്സരാഘോഷം നടക്കാറുള്ള റിസോർട്ടുകളും ഹോം സ്റ്റേകളും ഹോട്ടലുകളും ദിവസങ്ങളായി സ്പെഷൽ ബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്. ഡിജെ പാർട്ടികളിലും പോലീസിന്റെ സാന്നിധ്യം ഉണ്ടാകുമെന്നാണ് സൂചന.