കണ്ണൂർ: പയ്യന്നൂരിൽ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ വാഹനങ്ങൾക്ക് പിന്നിലുണ്ടായിരുന്ന ആംബുലൻസും രണ്ട് വാഹനങ്ങളുമാണ് അപകടത്തിൽ പെട്ടത്.
അപകടത്തിൽ ആർക്കും പരിക്കില്ല. പെരുമ്പ പാലം കയറുമ്പോളായിരുന്നു അപകടം. മുഖ്യമന്ത്രിക്കൊപ്പം കോടിയേരി ബാലകൃഷണനും മറ്റൊരു വാഹനത്തിൽ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷണന്റെയും വാഹനങ്ങളും കമാണ്ടോ വാഹനങ്ങളും പാലം കടന്നുപോയ ശേഷമായിരുന്നു അപകടം.
ആംബുലൻസ് ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. കാസർഗോട്ട് സിപിഎം ജില്ലാ ആസ്ഥാനത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി കണ്ണൂരിലേക്ക് മടങ്ങവെയാണ് സംഭവം.