ന്യൂ ഡെൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടേറേറ്റിനെതിരേ കോടതിയെ സമീപിച്ച് ആമസോൺ. 2019 ലെ ഫ്യൂച്ചർ ഗ്രൂപ്പ് ഇടപാടിനെ കുറിച്ചുള്ള ഇ.ഡി അന്വേഷണത്തിനെതിരേയാണ് ആമസോൺ കോടതിയെ സമീപിച്ചിരിക്കുന്നത്. റോയിട്ടേഴ്സാണ് ഇത് സംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഫ്യൂച്ചർ ഗ്രൂപ്പ് എന്ന സ്ഥാപനത്തിൽ 2019 ൽ ആമസോൺ നടത്തിയ 200 ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തെ കുറിച്ച് കഴിഞ്ഞ നാല് മാസമായി ഇ.ഡിയുടെ അന്വേഷണം നടക്കുകയാണ്. ഇടപാടിൽ വിദേശ നിക്ഷേപ ചട്ടങ്ങൾ ലംഘിക്കപ്പെട്ടു എന്ന പരാതിയിലാണ് അന്വേഷണം.
വിഷയവുമായി ഒരു ബന്ധവുമില്ലാത്ത അന്വേഷണങ്ങളാണ് ഇ.ഡി നടത്തുന്നതെന്നാണ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആമസോൺ ആരോപിക്കുന്നത്. ഫ്യൂച്ചർ ഗ്രൂപ്പ് ഇടപാടുമായി ഒരു ബന്ധവുമില്ലാത്ത കമ്പനിയുടെ നിർണായക വിവരങ്ങളാണ് ഇ.ഡി ചോദിക്കുന്നത്.
കമ്പനിയുടെ ഇന്ത്യയിലെ മേധാവി ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അപമാനിക്കുന്ന നിലപാടാണ് ഇ.ഡി സ്വീകരിക്കുന്നതെന്നും ആമസോൺ കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ, വാർത്തയെ കുറിച്ച് പ്രതികരിക്കാൻ ഇ.ഡി അധികൃതരോ ആമസോണോ തയ്യാറായില്ല. കേസ് വ്യാഴാഴ്ച പരിഗണിക്കും.
ആമസോൺ-ഫ്യൂച്ചർ ഗ്രൂപ്പ് ഇടപാട് തുടക്കം മുതൽ തന്നെ വിവാദങ്ങൾക്കും കോടതി നടപടികൾക്കും കാരണമായിരുന്നു. കഴിഞ്ഞയാഴ്ച ഈ ഇടപാട് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) സസ്പെൻഡ് ചെയ്തിരുന്നു. റെഗുലേറ്ററി അനുമതി തേടുമ്പോൾ വിവരങ്ങൾ മറച്ചുവെച്ചുവെന്ന പരാതികൾ പരിശോധിച്ചായിരുന്നു നടപടി.