തിരുവനന്തപുരം: ആണ്‍കുട്ടികളെ കെണിയിലാക്കി വൻ തുകകൾ തട്ടിയ സംഘം അറസ്റ്റിൽ. രാജസ്ഥാന്‍ സ്വദേശികളായ അശോക് പട്ടിദാര്‍, നിലേഷ് പട്ടിദാര്‍, വല്ലഭ് പട്ടിദാര്‍ എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിയുടെ 10 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലെ മൂന്നു പേർ പിടിയിലായത്. പ്രതികളെ ദര്‍ഗാപര്‍ കോടതില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറന്റുമായി കേരളത്തിലേക്ക് തിരിച്ചു.
ഓൺലൈൻ ക്ലാസില്‍ പങ്കെടുക്കുന്ന കുട്ടികളെയാണ് സംഘം വലയിലാക്കിയത്. ഓൺലൈൻ ക്ലാസുകള്‍ നടക്കുമ്പോള്‍ അശ്ലീല സന്ദേശങ്ങള്‍ അടങ്ങിയ പോപ് അപ്പുകള്‍ അയയ്ക്കും. പിന്നീട് കുട്ടികളുമായി ചാറ്റിങ് നടത്തി അശ്ലീല ചിത്രങ്ങളും അയച്ചു നൽകും. കുട്ടികള്‍ വീഴുന്നതോടെ സിബിഐ സൈബര്‍ സംഘം എന്ന് അവകാശപ്പെട്ട് സമീപിക്കുന്നു.
പണം നല്‍കിയില്ലെങ്കിൽ ചാറ്റ് വിവരങ്ങള്‍ പുറത്ത് വിടും എന്നാണ് ഭീഷണി. സംസ്ഥാനത്ത് നിരവധി കുട്ടികള്‍ തട്ടിപ്പിനിരയായതായി പൊലീസ് പറഞ്ഞു. രാജ്യമാകെ തട്ടിപ്പു നടത്തുന്ന സംഘമാണിവര്‍. സിറ്റി സൈബര്‍ പൊലീസ് എസി ടി.ശ്യാംലാലിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.