കേരള യൂണിവേഴ്സിറ്റി അധ്യാപക നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്

ന്യൂഡെൽഹി: കേരള സർവകലാശാലയിൽ അധ്യാപക നിയമനത്തിലെ സംവരണ തസ്തിക നിശ്ചയിച്ച രീതി ശരിവെച്ച ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരായ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ വിനീത് ശരൺ,അനിരുദ്ധ് ബോസ്, എന്നിവരടങ്ങിയ ബെഞ്ച് ആണ് സംസ്ഥാന സർക്കാരും , കേരള സർവകലാശാലയും, നിയമനം ലഭിച്ച അധ്യാപകരും ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചത്.

ആറാഴ്ചക്കുള്ളിൽ മറുപടി നൽകാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. വിവിധ അധ്യയന വകുപ്പുകളിലെ ഒഴിവുകൾ ഒറ്റ യൂണിറ്റായി കണക്കാക്കിയായിരുന്നു യൂണിവേഴ്സിറ്റി സംവരണം നിശ്ചയിച്ചത്. എന്നാൽ വ്യത്യസ്ത വിഷയ വകുപ്പുകളിലെ തസ്തികകളെ ഒറ്റ യൂണിറ്റായി കണക്കാക്കരുതെന്നാണ് ഹർജിയിലെ ആവശ്യം.

വ്യത്യസ്ത വകുപ്പുകളിലെ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസ്സർ,അസിസ്റ്റന്റ് പ്രൊഫസർ എന്നിവ ഒറ്റ യൂണിറ്റായി കണക്കാക്കിയാൽ ചില വകുപ്പുകളിലെ ഒഴിവുകളിൽ സംവരണം 100% ആകും എന്നാണ് ഹർജികാരിയുടെ വാദം.

കേരള സർവകലാശാല തമിഴ് വകുപ്പ് അധ്യാപിക ഡോ.ടി.വിജയലക്ഷ്മി നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. ഹർജിക്കാർക്കുവേണ്ടി ഭാമ ശേഷാദ്രി നായിഡു, സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം, അഭിഭാഷകരായ എം.പി വിനോദ്,അതുൽ ശങ്കർ വിനോദ്,എന്നിവർ ഹാജരായി.