പനാജി: വരാനിരിക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ത്രീവോട്ടർമാരെ ലക്ഷ്യമിട്ട് തൃണമൂൽ കോൺഗ്രസ്. ഇതിന്റെ ഭാഗമായി, വിജയിച്ചാൽ മാസം തോറും സ്ത്രീകൾക്ക് 5000 രൂപ ലഭിക്കുന്ന ഗൃഹലക്ഷ്മി പദ്ധതി നടപ്പിലാക്കുമെന്നാണ് പാർട്ടിയുടെ വാഗ്ദാനം. എല്ലാ വീട്ടിലെയും ഗൃഹനാഥയായ സ്ത്രീയ്ക്കായിരിക്കും ഇത്തരത്തിൽ മാസം തോറും 5000 രൂപ ലഭിക്കുക.
പശ്ചിമ ബംഗാളിൽ ഇതിനകം തന്നെ നടപ്പിലാക്കിയ പദ്ധതിയാണെന്ന് രാജ്യസഭാ എംപി മെഹുവ മൊയ്ത്ര പറഞ്ഞു. നിലവിൽ 3.51 ലക്ഷം വീടുകളിൽ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ജാതി, സമുദായം, സാമ്പത്കിം എന്നിവ കണക്കിലെടുക്കാതെ എല്ലാവരേയും ഒരു പോലെ പരിഗണിക്കുന്ന രീതിയിലായിരിക്കും പദ്ധതി നടപ്പിലാക്കുക എന്നും ഗോവയിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള തൃണമൂൽ കോൺഗ്രസ് എംപി മെഹുവ കൂട്ടിച്ചേർത്തു.
കോൺഗ്രസും സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടാണ് ഗോവയിൽ പ്രചാരണത്തിനിറങ്ങുന്നത്. ജയിച്ചാൽ സർക്കാർ ഓഫീസുകളിൽ 30 ശതമാനവും സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തുമെന്നാണ് കോൺഗ്രസിന്റെ വാഗ്ദാനം.
അതേസമയം ഗോവ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ ബി.ജെ.പിയുടെ മുൻസഖ്യകക്ഷി. ഗോവ ഫോർവേഡ് പാർട്ടി(ജി.എഫ്.പി.) കോൺഗ്രസിനൊപ്പം ചേർന്നിരുന്നു. ബി.ജെ.പി. നേതൃത്വം നൽകുന്ന എൻ.ഡി.എയുടെ ഒരുസമയത്തെ നിർണായക സഖ്യകക്ഷിയായിരുന്ന ജി.എഫ്.പി., കഴിഞ്ഞ ഏപ്രിലിലാണ് വഴിപിരിഞ്ഞത്.