ന്യൂഡെൽഹി: കരസേനാ മേധാവി എം.എം നരവണെയെ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ പിൻഗാമിയായി കേന്ദ്ര സർക്കാർ ഉടൻ പ്രഖ്യാപിച്ചേക്കും. ഒരാഴ്ച മുതൽ പത്ത് ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. മറ്റു പലരെയും കാർ നരവണെയ്ക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന സുരക്ഷാകാര്യ മന്ത്രിതല സമിതി ഇക്കാര്യം ചർച്ച ചെയ്തുവെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിന്റെ വിശദാംശങ്ങളെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. 2022 ഏപ്രിൽ വരെയാണ് കരസേനാ മേധാവിയായി നരവണെയ്ക്ക് ചുമതലയുള്ളത്. വ്യോമസേന മേധാവിയായി വി.ആർ ചൗധരി സെപ്റ്റംബറിലും നാവിക സേന മേധാവിയായി മലയാളിയായ ആർ. ഹരികുമാർ നവംബർ 30നുമാണ് ചുമതലയേറ്റത്. സേന മേധാവിമാർക്ക് 62 വയസ്സ് അല്ലെങ്കിൽ മൂന്ന് വർഷത്തെ കാലാവധിയിൽ ഏതാണോ ആദ്യം പൂർത്തിയാകുന്നത്, അതുവരെയാണ് ചുമതല വഹിക്കാൻ കഴിയുക.
ചൈനയുമായും പാകിസ്താനുമായും അതിർത്തി പ്രശ്നങ്ങളുണ്ട് ഇന്ത്യക്ക്. ഭാവിയിൽ മൂന്ന് സേനാ വിഭാഗങ്ങളേയും ഒരുമിച്ച് സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് സംയുക്ത സൈനിക മേധാവി എന്ന പദവി സൃഷ്ടിച്ചതുതന്നെ. ഇത്തരമൊരു പദവി അലങ്കരിച്ച ആദ്യ വ്യക്തി എന്നതിനാൽ തന്നെ ബിപിൻ റാവത്തിന്റെ മരണത്തെ തുടർന്നുണ്ടായ ഒഴിവ് എത്രയും വേഗം നികത്തണം എന്നതാണ് കേന്ദ്രത്തിന്റേയും താത്പര്യം. 2019 ഡിസംബർ 31 മുതലാണ് ബിബിൻ റാവത്ത് സംയുക്ത സേന മേധാവിയായി ചുമതലയേറ്റെടുത്തത്.
ഈ പദവിയിലേക്ക് ബിപിൻ റാവത്തിന് മുൻപ്, നിയമനം നടന്നിട്ടില്ലാത്തതിനാൽ തന്നെ ചില കാര്യങ്ങളിൽ സർക്കാരിന് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. നിയമം അനുസരിച്ച് ഏതൊരു കമാൻഡിങ് ഓഫീസർക്കും സംയുക്ത സൈനിക മേധാവിയാകാനുള്ള യോഗ്യതയുണ്ട്. നാല് സ്റ്റാറുകളുള്ള ജനറൽ പദവിയിലോ സമാന റാങ്കിലുള്ള എയർ ചീഫ് മാർഷൽ (വ്യോമസേന), അഡ്മിറൽ (നാവികസേന) എന്നിവർക്കും സി.ഡി.എസ് പദവിയിൽ എത്തുന്നതിന് തടസ്സമില്ല.
2019 ഡിസംബർ 31ന് ആണ് ബിപിൻ റാവത്തിന്റെ പിൻഗാമിയായി മനോജ് മുകുന്ദ് നരവണെ ഇന്ത്യൻ കരസേന മേധാവിയായി ചുമതലയേറ്റത്. 1980 ജൂണിൽ തന്റെ 20ാം വയസ്സിലാണ് നരവണെ ഇന്ത്യൻ ആർമിയുടെ ഭാഗമായത്. മഹാരാഷ്ട്രയിലെ പുണെ സ്വദേശിയാണ് നരവണെ. കരസേന മേധാവി പദവിയിലെത്തുന്നതിന് മുൻപ് കരസേനയുടെ 40ാം ഉപമേധാവി പദവിയും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. 2019 ഡിസംബർ 16ന് വിജയ് ദിവസിന് മുൻപാണ് നരവണെയെ ഇന്ത്യയുടെ കരസേന മേധാവിയായി പ്രഖ്യാപിച്ചത്.