ന്യൂഡെൽഹി: സമരത്തിനിടെ കർഷകർ മരിച്ച സംഭവത്തിൽ പഞ്ചാബ് മോഡൽ നഷ്ടപരിഹാരം വേണമെന്ന് കർഷക സംഘടനകളുടെ ആവശ്യം. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായവും ആശ്രിതരിൽ ഒരാൾക്ക് ജോലിയും നൽകണം. ഇക്കാര്യം ഇന്ന് കേന്ദ്രസർക്കാരുമായുള്ള ചർച്ചയിൽ ഉന്നയിക്കും.
യുപി, ഹരിയാന സർക്കാരുകളോട് ഇക്കാര്യം നിർദേശിക്കണം എന്ന് ആവശ്യപ്പെടുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി. കർഷകർ നിയോഗിച്ച അഞ്ച് അംഗസമിതിയുടെ അടിയന്തര യോഗം രാവിലെ പത്തു മണിക്ക് കിസാൻ സഭാ ആസ്ഥാനത്ത് നടക്കും. ഇന്ന് അമിത് ഷായുമായി സമിതി കൂടിക്കാഴ്ച്ച നടത്താനിരിക്കെയാണ് യോഗം.
ഡെൽഹി അതിർത്തി ഉപരോധിച്ചുള്ള സമരം അവസാനിപ്പിക്കുന്നതിൽ കർഷക സംഘടനകളുടെ തീരുമാനം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 2 മണിക്ക് സിംഘുവിൽ സംയുക്ത കിസാൻ മോർച്ച യോഗം ചേർന്ന് നിലപാട് പ്രഖ്യാപിക്കും. വിവാദ നിയമങ്ങൾ റദ്ദാവുകയും കേന്ദ്രസർക്കാറിന് മുമ്പാകെ വെച്ച മറ്റ് ആവശ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഉപരോധം അവസാനിപ്പിക്കണമെന്ന നിലപാടിലാണ് പഞ്ചാബിലെ കർഷക സംഘടനകൾ. സമരം അവസാനിപ്പിച്ചാലേ കർഷകർക്കെതിരെയുള്ള കേസ് പിൻവലിക്കൂ എന്ന കേന്ദ്ര നിലപാടിൽ കർഷകർക്ക് എതിർപ്പുണ്ട്.
വിശാല യോഗം എല്ലാ ഘടകങ്ങളും വിശദമായി വിലയിരുത്തിയ ശേഷമേ ഉപരോധ സമരത്തിന്റെ ഭാവിയിൽ തീരുമാനം എടുക്കൂ. ഭൂരിപക്ഷം അവശ്യങ്ങളും അംഗീകരിക്കാമെന്ന് കേന്ദ്രസർക്കാർ രേഖാമൂലം ഉറപ്പ് നൽകിയതിനാൽ ഉപരോധം അവസാനിപ്പിക്കണമെന്ന നിലപാടിൽ ആണ് പഞ്ചാബിലെ കർഷക സംഘടനകൾ.
കർഷക സമരം അവസാനിപ്പിക്കുന്നതിന് വേണ്ടി അഞ്ചിന നിർദ്ദേശങ്ങളാണ് കേന്ദ്രം മുന്നോട്ട് വെച്ചത്. ഇതിൽ പലകാര്യങ്ങളിലും വ്യക്തതയില്ലെന്ന് ഇന്നലെ ചേർന്ന യോഗം വിലയിരുത്തി. എംഎസ് പി ഉറപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ സർക്കാർ വ്യക്തമാക്കിയിട്ടില്ല. ലഖിംപൂർ വിഷയത്തിന്മേൽ കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യത്തിലും കേന്ദ്രം പ്രതികരിച്ചിട്ടില്ല. ഇതടക്കം ഇന്നലത്തെ യോഗം ചർച്ച ചെയ്തു.
അതേ സമയം കർഷകർക്ക് എതിരായ കേസ് പിൻവലിക്കുമെന്നും നഷ്ടപരിഹാരം നൽകുമെന്നുമുള്ള കേന്ദ്രത്തിന്റെ തീരുമാനങ്ങൾ സ്വാഗതാർഹമാണെന്നും ഇക്കാര്യങ്ങളിൽ കേന്ദ്രം രേഖാമൂലം കത്ത് നൽകിയത് കർഷക വിജയമാണെന്നും നേതാക്കൾ പ്രതികരിച്ചിരുന്നു.