യുവതി പൊള്ളലേറ്റ് മരിച്ച സംഭവം; പ്രതിക്കായി ബിജെപി നേതാവ് ഇടപെട്ടു; പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കുടുംബം

വൈപ്പിൻ: യുവതി ദുരൂഹസാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി മരിച്ച സിന്ധുവിന്റെ കുടുംബം. അയൽവാസിയായ ദിലീപ് നിരന്തരം ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച് പരാതി നൽകിയിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെന്ന് സിന്ധുവിന്റെ സഹോദരൻ ജോജോ ആരോപിച്ചു. ഒരു ബിജെപി നേതാവ് ദിലീപിന് വേണ്ടി ഇടപെട്ടു. സംഭവം ആത്മഹത്യയല്ല, കൊലപാതകമാണെന്നും ഉന്നതതല അന്വേഷണം വേണമെന്നും ജോജോ ആവശ്യപ്പെട്ടു.

‘ഞാറക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പിറ്റേ ദിവസം രാവിലെ പോലീസ് ഇരു കക്ഷികളേയും വിളിപ്പിച്ചിരുന്നു. ദിലീപ് എത്തിയപ്പോൾ കൂടെ ഒരു ബിജെപി നേതാവുമുണ്ടായിരുന്നു. എങ്ങനെയെങ്കിലും തീർത്തുതരണം എന്ന് ബിജെപി നേതാവ് ആവശ്യപ്പെട്ടു. ശല്യം തുടങ്ങിയിട്ട് കാലം കുറച്ചായി. നാണക്കേട് ഒർത്താണ് നേരത്തെ പരാതി നൽകാതിരുന്നത്. 17 വർഷം മുമ്പ് ഭർത്താവ് മരിച്ചതാണ്. മകനെ വളർത്തി വലുതാക്കാൻ ആശുപത്രിയിൽ തൂപ്പുജോലി ചെയ്യുകയാണ്. പോലീസിന്റെ അനാസ്ഥ തന്നെയാണ് സംഭവത്തിന് ഇടയാക്കിയത്’, ജോജോ പറഞ്ഞു.

പോലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് സിന്ധുവിന്റെ മാതാവും പറഞ്ഞു. ആറേഴ് മാസം മുമ്പ് ദിലീപിന്റെ വീട്ടിൽ പോയി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. ജോജോയെ അടക്കം മൂന്ന് നാല് തവണ മർദ്ദിച്ചു. ഇതോടെയാണ് സിന്ധു പരാതി നൽകാൻ തയ്യാറായത്. പരാതി നൽകിയെങ്കിലും ഒരു അന്വേഷണവും ഉണ്ടായില്ലെന്നും ദിലീപ് ബിജെപി പ്രവർത്തകനാണെന്നും അയാൾക്കു പിന്നിൽ ആളുണ്ടെന്നും മാതാവ് ആരോപിച്ചു.

എന്നാൽ, കേസുമായി ബന്ധപ്പെട്ട് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ഞാറക്കൽ പോലീസ് വ്യക്തമാക്കുന്നത്. കേസിൽ ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു എന്നതാണ് പോലീസ് നൽകുന്ന വിശദീകരണം. എന്നാൽ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. സംഭവം ആത്മഹത്യയാണെന്നും പോലീസ് സ്ഥരീകരിച്ചിട്ടുണ്ട്. വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നും കതക് തകർത്താണ് നാട്ടുകാർ അകത്തുകടന്നതെന്നുമാണ് പോലീസ് നൽകുന്ന വിവരം. ഇതിനിടെ ദിലീപിനെതിരേ പോലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയിട്ടുണ്ട്.

അയൽവാസിയായ യുവാവിനെതിരേ പോലീസിൽ പരാതി നൽകിയ നായരമ്പലം ഭഗവതീക്ഷേത്രത്തിന് കിഴക്ക് തെറ്റയിൽ സിന്ധു (42) ആണ് പൊള്ളലേറ്റു മരിച്ചത്. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മകൻ അതുലും പിന്നാലെ മരിച്ചു. വീടിനുള്ളിൽനിന്ന് പുക ഉയരുന്നതുകണ്ട ബന്ധുക്കളും പരിസരവാസികളും ചേർന്ന് ഇരുവരേയും ആസ്പത്രിയിലെത്തിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ ആറിനാണ് ഇവരുടെ മുറിയിൽ തീപടർന്നത്. പരേതനായ സാജുവിന്റെ ഭാര്യയായ സിന്ധു എറണാകുളം ലൂർദ് ആശുപത്രി ജീവനക്കാരിയായിരുന്നു.