കൊച്ചി: മിസ് കേരള മുൻ ജേതാക്കളായ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിൽ അന്വേഷണം കൊച്ചിയിലെ ലഹരിമരുന്ന് ഇടപാടുകളിലേക്കും വ്യാപിച്ചു. മോഡലുകൾ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി കൊല്ലം നല്ലില സ്വദേശി സൈജു എം.തങ്കച്ചന്റെ മൊബൈലിലെ രഹസ്യ ഫോൾഡറിൽ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങളിലുള്ള യുവതികളെയും യുവാക്കളെയും അന്വേഷണ സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്തു തുടങ്ങി.
ഇവർ പങ്കെടുത്ത ലഹരി പാർട്ടികൾ സംബന്ധിച്ച വിവരങ്ങളാണു ചോദിച്ചറിയുന്നത്. രഹസ്യമായി നടത്തിയ ലഹരി പാർട്ടികളുടെ ദൃശ്യങ്ങളാണു സൈജുവിന്റെ മൊബൈലിൽ കണ്ടെത്തിയത്. ഇതിൽ ലഹരിമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയവരെയാണ് ആദ്യഘട്ടത്തിൽ വിളിച്ചുവരുത്തിയത്.
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സൈജുവിന് എതിരെ ലഹരിമരുന്നു നിരോധന നിയമപ്രകാരമുള്ള 9 കേസുകൾ റജിസ്റ്റർ ചെയ്തു. കേരളത്തിലേക്കു ലഹരി കടത്തുന്നവരുടെ കുറിച്ചുള്ള വിവരവും ചോദ്യം ചെയ്യലിൽ പൊലീസിനു ലഭിച്ചിട്ടുണ്ട്.
മോഡലുകൾ പങ്കെടുത്ത നിശാപാർട്ടി നടത്തിയ ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലിന് എതിരെ എക്സൈസും കേസ് റജിസ്റ്റർ ചെയ്തു. അനുവദിച്ച സമയം കഴിഞ്ഞും മദ്യം വിറ്റെന്ന കുറ്റത്തിനാണു കേസ്. മോഡലുകൾ പങ്കെടുത്ത ഒക്ടോബർ 31ലെ പാർട്ടിയിൽ രാത്രി 9 മണി കഴിഞ്ഞും മദ്യം വിറ്റതിന്റെ തെളിവുകളും ദൃശ്യങ്ങളും എക്സൈസിനു ലഭിച്ചിരുന്നു.
ബില്ലിങ് മെഷീനുകൾ പരിശോധിച്ചും തെളിവുകൾ കണ്ടെത്തിയതായി എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ കെ.കെ. അനിൽകുമാർ പറഞ്ഞു. അനുവദിച്ച സമയം കഴിഞ്ഞും മദ്യം വിറ്റതിനെ തുടർന്നു നമ്പർ 18 ഹോട്ടലിലെ ബാർ ലൈസൻസ് നേരത്തെ എക്സൈസ് റദ്ദാക്കിയിരുന്നു.