സൗദിയിലും ഒമിക്രോണ്‍ വൈറസ് ബാധ സ്ഥിരീകരിച്ചു

ജിദ്ദ: സൗദി അറേബ്യയിലും കൊറോണ വകഭേദമായ ഒമിക്രോണ്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. വടക്കേ ആഫ്രിക്കയില്‍ നിന്നെത്തിയ സൗദി അറേബ്യൻ പൗരന് രോഗ ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗബാധിതനായ വ്യക്തിയെയും അദ്ദേഹവുമായി സമ്പർക്കത്തിൽ ഏര്‍പ്പെട്ടവരെയും അടുത്തിടപഴകിയവരെയും ക്വാറന്റൈനിലാക്കി. ആവശ്യമായ ആരോഗ്യ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായും മന്ത്രാലയം അറിയിച്ചു.

ഒമിക്രോണ്‍ വൈറസ് രാജ്യത്ത് കണ്ടെത്തുന്നതിനുള്ള സാഹചര്യങ്ങള്‍ പരിശോധിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള മന്ത്രാലയത്തിന്റെയും പബ്ലിക് ഹെല്‍ത്ത് അതോറിറ്റിയുടെയും പരിശ്രമങ്ങളുടെ ഫലമായാണ് ആദ്യ കേസ് കണ്ടെത്തിയതെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

വിവിധ രാജ്യങ്ങളില്‍ പുതിയ വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ സൗദിയില്‍ വിവിധ വിമാനത്താവളങ്ങളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലുമെല്ലാം പരിശോധന കര്‍ശനമാക്കിയിരുന്നു. രോഗം കണ്ടെത്തിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും നേരിട്ട് വിദേശികള്‍ക്ക് യാത്ര വിലക്കും പ്രഖ്യാപിച്ചിരുന്നു.