തിരുവനന്തപുരം: ഭർത്തൃവീട്ടിലെ പീഡനത്തെ തുടർന്ന് നിയമവിദ്യാർത്ഥി മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎമ്മിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുറ്റക്കാരനായ സിഐയെ സംരക്ഷിച്ചത് സിപിഎം നേതാവെന്നാണ് സതീശന്‍റെ ആരോപണം. മൊഫിയയുടെ ഭര്‍ത്താവിനൊപ്പം ഒരു കോണ്‍ഗ്രസുകാരനും പോയിട്ടില്ല. സിഐയെ മാറ്റിയെന്ന് പറഞ്ഞ് സര്‍ക്കാര്‍ ആദ്യം ജനങ്ങളെ പറ്റിച്ചു. ഒരു പെൺകുട്ടി പോലും പൊലീസ് സ്റ്റേഷനിൽ അപമാനിക്കപ്പെടരുത്. അല്‍ അസര്‍ കോളേജില്‍ നിന്ന് മകള്‍ക്കൊപ്പം ക്യാംപെയിന്‍ തുടങ്ങുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അട്ടപ്പാടിയില്‍ നടക്കുന്ന ശിശുമരങ്ങളിലും സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉയര്‍ത്തിയത്. അട്ടപ്പാടിയിൽ നടക്കുന്നത് ശിശുമരണങ്ങളല്ല കൊലപാതകങ്ങളാണ്. സർക്കാർ ഏകോപനമില്ല. അമ്മമാർക്ക് പോഷകാഹാരം ലഭിക്കാത്തതിന് കാരണം സർക്കാരാണെന്നും സതീശന്‍ വിമര്‍ശിച്ചു. ശിശുമരണത്തിന് കാരണം സർക്കാരിന്റെ കടുത്ത അനാസ്ഥയെന്ന് രമേശ് ചെന്നിത്തലയും വിമര്‍ശനമുന്നയിച്ചു.
സർക്കാരിനെ ഒന്നാം പ്രതിയാക്കി നരഹത്യക്ക് കേസെടുക്കണമെന്നും കുടുബംങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പോഷകാഹാരക്കുറവും ചികിത്സാ സംവിധാനങ്ങളുടെ അഭാവവുമാണ് കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമെന്ന് നേരത്തേ മരണങ്ങൾ നടന്ന അവസരങ്ങളിൽ ചൂണ്ടിക്കാട്ടിയിട്ടും അവ പരിഹരിക്കുന്നതിൽ സർക്കാർ ഗുരുതരവീഴ്‌ച വരുത്തിയിരുന്നു.
ഇക്കാര്യത്തിൽ സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടായിരുന്നെങ്കിൽ നാല് ദിവസത്തിനിടെയുണ്ടായ നാല് കുട്ടികളുടെ മരണം ഒഴിവാക്കാമായിരുന്നു. ഈ വർഷം ഇത് വരെ 11 മരണം റിപ്പോർട്ട് ചെയ്തത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.