കൊച്ചി: ഗതാഗത കുരുക്കില്‍ നിന്നും രക്ഷപ്പെടാന്‍ ‘എളുപ്പമാര്‍ഗ്ഗം’ കണ്ടെത്തിയ യുവാവിനെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ഗതാഗത കുരുക്ക് കണ്ടാല്‍ ഉടന്‍ സൈറണ്‍ മുഴക്കി വഴി കണ്ടെത്തി പോകുന്നതാണ് ഇയാളുടെ രീതി.
അംബുലന്‍സ് പോലുള്ള അടിയന്തര സേവനമാണെന്ന് കരുതി ആളുകള്‍ വാഹനം ഒതുക്കി വഴിയും ഒരുക്കും. യുവാവില്‍ നിന്നും വാഹനത്തിന്റെ സൈറണ്‍ പിടിച്ചെടുത്ത മോട്ടോര്‍ വാഹന വകുപ്പ് 2000 രൂപ പിഴയും അടപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇടപ്പള്ളി-പുക്കാട്ടുപടി റോഡില്‍ ഈ വാഹനം സൈറണ്‍ മുഴക്കി പായുന്നതിന്റെ വീഡിയോ ഒരു കൂട്ടം യുവാക്കള്‍ പകര്‍ത്തിയിരുന്നു. അംബുലന്‍സ് ആണെന്ന് കരുതി കാറിനെ കടന്നുപോകാന്‍ അനുവദിച്ച യുവാക്കള്‍ ഇത് സാധാരണ കാറാണെന്ന് മനസിലാക്കി അതിനെ പിന്തുടരുകയും, വീഡിയോയും വണ്ടിയുടെ നമ്പറും ആര്‍ടിഒ പിഎം ഷബീറിന് അയച്ചുകൊടുക്കുകയുമായിരുന്നു.
പിന്നീട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ വാഹനത്തെക്കുറിച്ച് അന്വേഷിക്കുകയും പുക്കാട്ടുപടി സ്വദേശി അന്‍സാറിന്റെതാണ് കാര്‍ എന്ന് കണ്ടെത്തുകയും ചെയ്തു. ആദ്യം എംവിഡി ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് എംവിഡി ഉദ്യോഗസ്ഥര്‍ നേരിട്ട് വീട്ടിലെത്തി ഇയാളെ ചോദ്യം ചെയ്തു. ആദ്യം സംഭവം നിഷേധിച്ച അന്‍സാര്‍. കേസ് എടുക്കുമെന്ന ഘട്ടത്തില്‍ കുറ്റം സമ്മതിച്ചു. ഗതാഗത കുരക്കുകള്‍ മറികടക്കാന്‍ ഓണ്‍ലൈനില്‍ വാങ്ങിയ സൈറന്‍ കാറില്‍ പിടിപ്പിച്ചെന്നാണ് ഇയാള്‍ പറയുന്നത്.