ചെന്നൈ: ഐപിഎലിൽ വരുന്ന മൂന്നു സീസണുകളിൽ കൂടി ക്യാപ്റ്റൻ ധോണിയെ ചെന്നൈ നിലനിർത്തി.
ഇതോടെ ഇനി വരുന്ന മൂന്നു സീസണിലും തല ചെന്നൈയുടെ തലയായിരിക്കും.
ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, ഓപ്പണർ ഋതുരാജ് ഗെയ്ക്വാദ് എന്നിവരെയും ചെന്നൈ നിലനിർത്തി. കഴിഞ്ഞ സീസണിൽ ചെന്നൈയെ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ചവരായിരുന്നു മൂന്ന് താരങ്ങളും.
ബിസിസിഐ ചട്ടങ്ങൾ അനുസരിച്ച്, ഓരോ ടീമിനും പരമാവധി നാല് കളിക്കാരെ നിലനിർത്താൻ അനുവാദമുണ്ട്. ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയിൻ അലിയുമായും സിഎസ്കെ ചർച്ചകൾ നടത്തിവരികയാണ്. 2022 ഐപിഎൽ ഇന്ത്യയിൽവച്ചുതന്നെ നടത്തുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തേ അറിയിച്ചിട്ടുണ്ട്. അതിനാൽ ഇന്ത്യയിലെ സ്ലോ വിക്കറ്റുകളിൽ മൊയിൻ അലിക്ക് തിളങ്ങാനാവുമെന്നാണ് സിഎസ്കെ കരുതുന്നത്.
അലിക്കു സമ്മതമല്ലെങ്കിൽ ഇടംകൈയൻ മീഡിയം പേസർ സാം കുറനെ ടീമിൽ നിലനിർത്തിയേക്കും. നവംബർ 30-നകം നിലനിർത്തിയ കളിക്കാരുടെ പട്ടിക ഫ്രാഞ്ചൈസികൾ സമർപ്പിക്കണം. അടുത്ത മാസമാണ് ഐപിഎൽ ലേലം നടക്കുന്നത്.
2022 സീസണ് ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ഏപ്രിൽ രണ്ടിന് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ക്രിക്ബസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഉദ്ഘാടന മത്സരത്തിന് ചെന്നൈ ആയിരിക്കും വേദി.
ഇത്തവണ പത്ത് ടീമുകളാണ് ഐപിഎലിൽ മാറ്റുരയ്ക്കുന്നത്. അഹമ്മദാബാദ്, ലക്നോ എന്നീ നഗരങ്ങളിൽ നിന്നാണ് പുതിയ രണ്ട് ടീമുകൾ ഐപി എലിലേക്ക് വന്നത്. അതുകൊണ്ടുതന്നെ മത്സരങ്ങളുടെയും ദിവസങ്ങളുടെയും എണ്ണം വർധിക്കും.
നിലവിലെ സാഹചര്യത്തിൽ അറുപതിലേറെ ദിവസങ്ങൾ എടുത്താലേ ടൂർണമെന്റ് പൂർത്തിയാക്കാനാകൂ. അങ്ങനെവരുമ്പോൾ ജൂണ് ആദ്യവാരമായിരിക്കും ഫൈനൽ.