ന്യൂഡെല്‍ഹി: കൊറോണ വ്യാപനം കാരണം നിർത്തിവച്ചിരുന്ന ട്രെയിനുകളിലെ ഭക്ഷണ വിൽപന പുനരാരംഭിക്കാൻ റെയിൽവേ തീരുമാനിച്ചു. ഭക്ഷണവിതരണം വീണ്ടും ആരംഭിക്കാൻ തീരുമാനിച്ചതായി കാണിച്ച് റെയിൽവേ ഐആർസിടിസിക്കു കത്തയച്ചു. മെയിൽ, എക്സ്പ്രസ് ട്രെയിനുകളിൽ ‘സ്പെഷൽ’ ടാഗ് ഒഴിവാക്കാൻ റെയിൽവേ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
കൊറോണയ്ക്ക് മുന്‍പത്തെ ടിക്കറ്റ് നിരക്കുകൾ ഏർപെടുത്താനും റെയിൽവേ തീരുമാനിച്ചു.
രാജ്യത്തെ ട്രെയിന്‍ സർവീസുകള്‍ സാധാരണ നിലയിലായതിനാലും ഭക്ഷണശാലകൾ പ്രവർത്തിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കിയതിനാലുമാണു തീരുമാനമെന്ന് റെയിൽവേ ഐആർസിടിസിക്ക് അയച്ച കത്തിൽ അറിയിച്ചു.
കൊറോണയ്ക്ക് ശേഷം ദീർഘദൂര ട്രെയിനുകളാണ് ആദ്യം സർവീസ് ആരംഭിച്ചത്. പിന്നീട് പാസഞ്ചർ ട്രെയിനുകളും സർവീസ് തുടങ്ങി. ആഭ്യന്തര സർവീസ് നടത്തുന്ന വിമാനങ്ങളിൽ ഭക്ഷണവിതരണം ആരംഭിക്കാൻ വ്യോമയാന മന്ത്രാലയം കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.