അഞ്ചുകോടി ചുവന്ന ഭീമൻ ഞണ്ടുകൾ; ഓസ്ട്രേലിയയിൽ ഞണ്ടുകൾക്കുവേണ്ടി ലോക്‌ഡൗൺ

മെൽബൺ : അഞ്ചുകോടി ചുവന്ന ഭീമൻ ഞണ്ടുകൾ. എല്ലാ വർഷവും നവംബറിലെ മഴയ്ക്കുശേഷം അവർ കൂട്ടംകൂട്ടമായി കാട്ടിൽനിന്ന് ഇറങ്ങും. റോഡു മുറിച്ചുകടന്ന് പ്രജനനത്തിനായി കടലിലേക്ക് യാത്രചെയ്യും. ഇവരുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കയാണ് ഒരു പ്രദേശം.

പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപാണ് ഞണ്ടുകൾക്കായി അടച്ചിട്ടിരിക്കുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ ചെറുദ്വീപിൽമാത്രം കാണപ്പെടുന്നവയാണ് പ്രത്യേകതരം ചുവന്ന ഞണ്ടുകൾ. ജീവികൾക്കിടയിലെ ഏറ്റവും വലിയ കുടിയേറ്റം കൂടിയാണിതെന്നാണ് വിദഗ്ധർ പറയുന്നത്. പ്രജനനത്തിനായി ആൺ ഞണ്ടുകളാണ് ആദ്യം സമുദ്രതീരത്തെത്തുന്നത്. അവർക്ക് പിന്നാലെ പെൺ ഞണ്ടുകളുമെത്തും

കടലിൽ കാണുന്ന ചുവന്ന ഞണ്ടുകൾ സാധാരണയായി ഇലകളും പഴങ്ങളും പൂക്കളുമാണ് ഭക്ഷിക്കുക. ചിലപ്പോൾ സ്വന്തം കുഞ്ഞുങ്ങളെയും ഇവ അകത്താക്കും. ഞണ്ടുകളുടെ സഞ്ചാര സൗകര്യത്തിനായി സർക്കാർ പാലങ്ങളും തുരങ്കങ്ങളും നിർമിച്ചിട്ടുണ്ട്. ഈ സമയത്ത് റോഡുകൾ പൂർണമായും അടച്ചിടും. ആളുകളോട് വീട്ടിലിരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ഞണ്ടുകളുടെ കുടിയേറ്റം നേരിട്ടുകാണാൻ സഞ്ചാരികൾ ദ്വീപിലെത്താറുണ്ട്. ഈ മാസം അവസാനത്തോടെ ഇവ കടലിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.