മുല്ലപ്പെരിയാര്‍ ഡാമില്‍ തുറന്ന സ്പില്‍വേ ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചു

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ ഇന്നലെ തുറന്ന നാല് സ്പില്‍വേ ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചു. 2, 5 ഷട്ടറുകളാണ് അടച്ചത്. നിലവില്‍ മൂന്ന്, നാല് ഷട്ടറുകള്‍ 30 സെന്റീമീറ്ററുകള്‍ വീതമാണ് തുറന്നത്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2300 ഘനയടിയായി തുടരുകയാണ്. ഷട്ടറുകളിലൂടെ 772 കൂസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.

മുല്ലപെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഇന്ന് രാവിലെ 8 മണിക്ക് ഡാം ഷട്ടര്‍ തുറക്കാന്‍ തമിഴ്നാട് തീരുമാനിച്ചത്. ഡാമിലെ ജലനിരപ്പ് ഇന്ന് രാവിലെ 5.30 യ്ക്ക് 141 അടിയിലെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡാം തുറക്കാന്‍ തീരുമാനിച്ചത്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ പെയ്ത മഴയെ തുടര്‍ന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയായിരുന്നു.

അതിനിടെ ആളിയാര്‍ അണക്കെട്ട് തുറക്കുന്നതില്‍ തമിഴ്‌നാട് മുന്നറിയിപ്പു നല്‍കിയിരുന്നെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. വിവരം കലക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു. മുന്നറിയിപ്പ് പരിധിയിലും താഴെയാണ് ഇപ്പോള്‍ ജലനിരപ്പെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ അടുത്ത രണ്ടുദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും. മലയോരമേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള പത്ത് ജില്ലകളിലും ഇന്നും നാളെയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതോടെ തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും മഴ ശക്തമാകുകയാണ്.