തിരുവനന്തപുരം: കേരളത്തിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതേതുടർന്ന് സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്.
അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറി ഇന്ന് കര തൊടും. ഇതിന്റെ ജാഗ്രതയിലാണ് ദക്ഷിണേന്ത്യ. തീവ്രന്യൂനമര്‍ദ്ദം ഇന്ന് പുലര്‍ച്ചെ വടക്കന്‍ തമിഴ്‌നാട്, തെക്കന്‍ ആന്ധ്ര തീരത്ത് കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഒരാഴ്ചയ്ക്കിടെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ ന്യൂനമര്‍ദ്ദമാണിത്. തീവ്രന്യൂനമര്‍ദ്ദം കരതൊടുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലും ആന്ധ്രയിലും കനത്ത ജാഗ്രതയാണ്.
പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിനാല്‍ കേരളത്തില്‍ അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ മലയോരമേഖലയില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.