മുംബൈ: മുബൈയിൽ വിവിധ ആശുപത്രികളിൽ ചികിത്സ നിഷേധിക്കപ്പെട്ട കാസർകോട് സ്വദേശി മരിച്ചു. കാസർകോട് ജില്ലയിലെ മഞ്ചേശ്വരം സ്വദേശി ഖാലിദ് ബംബ്രാണയാണ് മരിച്ചത്. രണ്ട് മണിക്കൂറിനിടെ അഞ്ച് ആശുപത്രികളെ സമീപിച്ചിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതോടെയാണ് ഇദ്ദേഹം ചികിത്സ തേടി ആശുപത്രിയിലെത്തിയത്. മഹാനഗരത്തിൽ അഞ്ചിലേറെ ആശുപത്രികൾ കയറിയിറങ്ങിയെങ്കിലും ചികിത്സ ലഭിച്ചില്ല. രണ്ട് മണിക്കൂറോളമാണ് ഇദ്ദേഹം ചികിത്സയ്ക്കായി അലഞ്ഞത്.
സമാനമായ സംഭവം നേരത്തെയും മുംബൈയിൽ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച ചികിത്സ കിട്ടാതെ ഒരു വീട്ടമ്മയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഖാലിദിന് പനിയും ശ്വാസംമുട്ടലും ഉണ്ടായത്. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കിടക്കയും ഓക്സിജനുമടക്കം സൗകര്യങ്ങളില്ലെന്ന് പറഞ്ഞാണ് ഖാലിദിനെയും ബന്ധുക്കളെയും മടക്കിയത്. രണ്ട് മണിക്കൂറിനു ശേഷം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.