തിരുവനന്തപുരം-നാഗര്‍കോവില്‍ റെയില്‍പാതയില്‍ മണ്ണിടിച്ചില്‍; ട്രെയിന്‍ ഗതാഗതം നിലച്ചു

തിരുവനന്തപുരം: അതി ശക്തമായ മഴയെ തുടര്‍ന്ന് തിരുവനന്തപുരം-നാഗര്‍കോവില്‍ റെയില്‍പാതയില്‍ മണ്ണിടിച്ചില്‍. ഇതോടെ തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിലച്ചു. പാറശ്ശാലയിലും ഇരണിയലിലും കുഴിത്തുറയിലും മണ്ണിടിച്ചിലുണ്ടായി.

കന്യാകുമാരി-നാഗര്‍കോവില്‍ റൂട്ടില്‍ പാളത്തില്‍ വെള്ളം കയറി. രണ്ട് ട്രെയിനുകള്‍ ഭാഗീകമായി റദ്ദാക്കി. അനന്തപുരി, ഐലന്‍ഡ് എക്‌സ്പ്രസുകളാണ് ഭാഗീകമായി റദ്ദാക്കിയത്. നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ റദ്ദാക്കി.

നാളത്തെ ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് റദ്ദാക്കി. തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി പുറപ്പെടുക നാഗര്‍കോവിലില്‍ നിന്ന്. നാളത്തെ ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് റദ്ദാക്കി. തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി പുറപ്പെടുക നാഗര്‍കോവിലില്‍ നിന്ന്.

അതേസമയം ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കഴിവതും വീടുകളില്‍ തന്നെ കഴിയാന്‍ ശ്രമിക്കണമെന്നും തിരുവനന്തപുരം ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. വിഴിഞ്ഞത്ത് ഗംഗയാര്‍ തോട് കരകവിഞ്ഞ് സമീപത്തെ കടകളില്‍ വെള്ളം കയറി. കോവളം വാഴമുട്ടത്ത് വീടുകള്‍ക്ക് മുകളില്‍ മണ്ണിടിഞ്ഞു.

വിതുര, പൊന്‍മുടി, പാലോട്, നെടുമങ്ങാട് എന്നിവിടങ്ങളില്‍ കനത്ത മഴയാണ്. വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുന്നുണ്ട്. പെരിങ്ങമലയില്‍ കിണര്‍ ഇടിഞ്ഞുതാണു. നെയ്യാറ്റിന്‍കര ടി.ബി ജംക്ഷനില്‍ ദേശീയപാതയിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. ഗതാഗതം ഭാഗികമായി തടസ്സപ്പെടും.

കനത്ത മഴയെ തുടര്‍ന്ന് നെയ്യാറിന്റെ എല്ലാ ഷട്ടറുകളും ഉയര്‍ത്തും. നാല് ഷട്ടറുകളും അല്‍പസമയത്തിനകം 60 സെന്റിമീറ്റര്‍ ഉയര്‍ത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. സമീപവാസികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. നിലവില്‍ ഷട്ടറുകള്‍ 220 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. 60 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തുന്നതോടെ മൊത്തം 280 സെന്റിമീറ്റര്‍ ഉയര്‍ത്തും.

അരുവിക്കരഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 280 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. രാവിലെ പതിനൊന്ന് മണിക്ക് അത് 60 സെന്റിമീറ്റര്‍ കുടി ഉയര്‍ത്തി 340 സെന്റിമീറ്റര്‍ ആക്കും സമീപവാസികള്‍ ജാഗ്രത പാലിക്കണം.

മഴക്കെടുതി നേരിടുന്നതിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കണ്‍ട്രോള്‍ റൂം നമ്പര്‍: 0471-2377702,0471-2377706