കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിടെ കണ്ണൂരിൽ റവന്യു ഇൻസ്പെക്ടറെ വിജിലൻസ് പിടികൂടി. 47കാരനായ എം.സതീഷാണ് വിജിലൻസ് പിടിയിലായത്. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനായി 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സതീഷ് പിടിയിലാവുന്നത്. കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിൽ പുഴാതി സോണൽ ഓഫീസിലെ റവന്യു ഇൻസ്പെക്ടറാണ് സതീഷ്.
കേളകം സ്വദേശി രവി മകൾക്കുവേണ്ടി വാങ്ങിയ വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി പുഴാതി സോണൽ ഓഫീസിൽ ഒക്ടോബർ 22-ന് അപേക്ഷ നൽകിയിരുന്നു. വീടിന്റെ പരിശോധന കഴിഞ്ഞതിന് പിന്നാലെ സതീഷ് സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ കൈക്കൂലിയായി ആയിരം രൂപ നകണമെന്ന് ആവശ്യപ്പെട്ടു.
ഇയാൾ ഉടൻ തന്നെ ഈ വിവരം വിജനലൻസിനെ അറിയിക്കുകയും വിജിലൻസിന്റെ നിർദ്ദേശപ്രകാരം സതീഷിന് പണം കൈമാറുകയും ചെയ്തു. പുഴാതി സോണൽ ഓഫീസിന് മുന്നിൽ വച്ച് പണം കൈമാറി. പണം വാങ്ങിയതിന് ശേഷം ഫീസിലേക്ക് മടങ്ങിയ സതീഷിനെ വിജിലൻസ് പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കി. സതീഷിന്റെ വാടകവീട്ടിലും വിജിലൻസ് സംഘം റെയ്ഡ് നടത്തി.