ഭുവനേശ്വർ: ഉദ്യോഗസ്ഥൻ്റെ അനധികൃത സമ്പാദ്യം അന്വേഷിക്കാൻ വിജിലൻസ് വീട്ടിൽ എത്തിയപ്പോൾ കൈക്കൂലിയായി വാങ്ങിയ 20 ലക്ഷം രൂപ നിറച്ച ബാഗ് അയല്‍വാസിയുടെ ടെറസിലേക്ക് വലിച്ചെറിഞ്ഞ് സര്‍ക്കാര്‍ എഞ്ചിനീയർ. ഒഡീഷ പോലീസ് ഹൗസിങ് ആന്‍ഡ് വെല്‍ഫെയര്‍ കോര്‍പ്പറേഷന്റെ ഡെപ്യൂട്ടി മാനേജര്‍ പ്രതാപ് കുമാര്‍ സമല്‍ ആണ് വീട്ടിലേക്ക് ഉദ്യോഗസ്ഥർ എത്തിയപ്പോൾ അടുത്ത കെട്ടിടത്തിലേക്ക് ബാഗ് എറിഞ്ഞത്.
വരുമാന സ്രോതസ് വ്യക്തമാക്കാത്ത സ്വത്ത് കൈവശം വെച്ചതിനാണ് പ്രതാപ് കുമാര്‍ സമലിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. ഭുവനേശ്വറിലെയും ഭദ്രക്കിലെയും 10 വ്യത്യസ്ത സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. ഇവിടെ നടത്തിയ പരിശോധനകളില്‍ അദ്ദേഹത്തിന്റേയും പത്‌നിയുടേയും പേരിലുള്ള 38.12 ലക്ഷം രൂപയും 25 ഓളം സ്വത്തുവകകളും ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്.
ഉദ്യോഗസ്ഥര്‍ പ്രതാപ് കുമാര്‍ സമലിന്റെ വീട്ടിലെത്തിയതോടെ പരിഭ്രാന്തനായ ഇയാള്‍ പണം ഒളിപ്പിക്കാന്‍ ശ്രമിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പണം അടങ്ങിയ ബാഗ് അയല്‍ക്കാരന്റെ കെട്ടിടത്തിന്റെ ടെറസിലേക്ക് എറിയുകയായിരുന്നു. ഇവിടെ നിന്ന് 20 ലക്ഷം രൂപ കണ്ടെത്തിയതായും വീട്ടില്‍ നടത്തിയ പരിശോധനയില്‍ 18 ലക്ഷം രൂപ പിടിച്ചെടുത്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതാപ് കുമാറിന്റെ ഉടമസ്ഥതയില്‍ ഭദ്രക് ജില്ലയില്‍ അഞ്ച് വസ്തുവകകളും ഒരു കെട്ടിടവും ഭുവനേശ്വറില്‍ 17 വസ്തുവകകളും ഖുര്‍ദയില്‍ രണ്ട് കെട്ടിടവുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭുവനേശ്വര്‍ നഗരത്തിലെ കെട്ടിടത്തിന് മാത്രം 3.89 കോടി വിലമതിക്കുന്നതാണ്. റെയ്ഡ് പുരോഗമിക്കുന്നതിനാല്‍ ഇയാളുടെ ഉടമസ്ഥതയിലുള്ള സ്വത്തുവകകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായിട്ടില്ലെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.