തിരുവനന്തപുരം: ഇന്ധന നികുതിക്കെതിരെ സമരം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. കെപിസിസി യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനമായത്. ഇതിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് മുതല്‍ രാജ്ഭവന് വരെ മനുഷ്യച്ചങ്ങല തീര്‍ക്കാനും ബ്ലോക്ക് തലം മുതല്‍ പ്രതിഷേധം ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
അതേസമയം, സിനിമാചിത്രീകരണം തടയാനുള്ള യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിരെ കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരന് രംഗത്തെത്തി. സിനിമ സര്‍ഗാത്മക പ്രവര്‍ത്തനമാണ്. സിനിമയെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്നും സുധാകരന് പറഞ്ഞു. നേതാക്കള്‍ക്കെതിരായ കേസ് നിയമപരമായി നേരിടുമെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
ഇന്ധന വിലവര്‍ധനയ്ക്കെതിരേ കൊച്ചിയില്‍ കോണ്‍ഗ്രസ് സമരത്തിനെതിരെ ജോജു രംഗത്തെത്തിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സിനിമാ ചിത്രീകരണ സ്ഥലത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ജോജു അഭിനയിക്കുന്ന കീടം എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന പുത്തന്‍കുരിശ് പിഡബ്ല്യുഡി റസ്റ്റ് ഹൗസിലേക്കാണ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.