സുല്‍ത്താന്‍ ബത്തേരി: ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. താമരശ്ശേരി റേഞ്ചിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ സി.എസ്. വേണുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ചന്ദനമോഷണക്കുറ്റം ചുമത്താനായിരുന്നു ശ്രമം.
പഴൂര്‍ കണ്ണങ്കോട് കാടംകൊല്ലി കോളനിയിലെ സുഭാഷിനെയാണ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്. സുഭാഷിന്റെ വാഹനത്തില്‍ ചന്ദനത്തടികള്‍ ഒളിപ്പിച്ചുവെക്കുകയായിരുന്നു. കണ്ണൂര്‍ നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ടി.കെ. വിനോദ് കുമാറാണ് നടപടി എടുത്തത്.
ഇതേ കേസില്‍ കുട്ടന് എന്ന യുവാവ് നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളാണ് വേണുവിനെതിരെ മൊഴി നല്‍കിയത്. തുടര്‍ന്ന് തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യൂട്ടി റേഞ്ചര്‍ വകുപ്പുതല അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ട് വയനാട് വൈല്‍ഡ് ലൈഫ് വാര്ഡന് കൈമാറി.
കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ആഗസ്റ്റ് 28നാണ്. സുഭാഷിന്റെ വാഹനത്തില്‍ നിന്ന് രണ്ട് ചന്ദനമുട്ടികള്‍ വനംവകുപ്പ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് സുഭാഷിനെതിരെ വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നതിനെ തുടര്‍ന്നാണ് കൂടുതല്‍ അന്വേഷണം നടത്താന്‍ വനംവകുപ്പ് നിര്‍ബന്ധിതമായത്. വേണുവിന് സുഭാഷിനോടുള്ള മുന്‍ വൈരാഗ്യമാണ് കള്ളക്കേസില്‍ പെടുത്താനുള്ള നീക്കത്തിലേക്ക് നയിച്ചത്.