പട്ന: അനുവാദമില്ലാതെ ഹാൻഡ്‌പമ്പിൽ നിന്ന് വെള്ളം കുടിച്ചതിന് എഴുപതുകാരനെ ഹാൻഡ് പമ്പിനുടമ തല്ലിക്കൊന്നു. ബിഹാറിലെ വൈശാലി ജില്ലയിലെ സലേംപൂർ ഗ്രാമത്തിലാണ് സംഭവം. വെള്ളം കുടിക്കുന്നതിനു മുൻപ് വൃദ്ധൻ അനുവാദം ചോദിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
കന്നുകാലികൾക്ക് നൽകാനുള്ള പുല്ല് പറിക്കാൻ പോയതായിരുന്നു അച്ഛനെന്ന് മരണപ്പെട്ട വൃദ്ധന്റെ മകൻ രമേശ് സൈനി പറഞ്ഞു. പെട്ടെന്ന് വല്ലാത്ത ദാഹം തോന്നിയ അദ്ദേഹം അടുത്ത് കണ്ട ഹാൻഡ്പമ്പിൽ നിന്ന് അല്പം വെള്ളം കൈക്കുമ്പിളിൽ കോരി കുടിച്ചു. എന്നാൽ, ഇത് കണ്ട് ഓടിവന്ന ഒരു അച്ഛനും മകനും അവരുടെ പൈപ്പിൽ നിന്ന് അനുവാദമില്ലാതെ വെള്ളം കുടിച്ചുവെന്ന് പറഞ്ഞ് ദേഷ്യപ്പെട്ട് അദ്ദേഹത്തെ തലങ്ങും വിലങ്ങും മർദ്ദിച്ചു. തുടർന്ന്, നവംബർ ആറിന് അദ്ദേഹം മരണപ്പെട്ടു. അതേസമയം, അവരുമായി തങ്ങൾക്ക് മുൻവൈരാഗ്യമൊന്നുമില്ലെന്ന് മകൻ വ്യക്തമാക്കി.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് സ്ഥലത്തെത്തി ചോദ്യം ചെയ്തുവരികയാണ്. ഒരേ ജാതിയിൽപ്പെട്ട ചിലർ തന്നെയാണ് വൃദ്ധനെ മർദിച്ചതെന്ന് സബ് ഡിവിഷൻ പൊലീസ് ഓഫീസർ രാഘവ് ദയാൽ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.