കേരളത്തിന്‍റെ തീരുമാനം മാനിക്കുന്നു ; ഉത്തരവ് മരവിപ്പിച്ചതില്‍ ഇടപെടാനില്ലെന്ന് തമിഴ്‍നാട്

ചെന്നൈ: മുല്ലപ്പെരിയാര്‍ ബേബിഡാമിന് സമീപത്തെ മരം മുറിക്കുന്നതിന് തമിഴ്നാട് സര്‍ക്കാരിന് അനുമതി നല്‍കിയ ഉത്തരവ് മരവിപ്പിച്ചതില്‍ പ്രതികരണവുമായി തമിഴ്നാട് ഉത്തരവ് മരവിപ്പിച്ചതില്‍ ഇടപെടാനില്ല. കേരളത്തിന്‍റെ തീരുമാനം തമിഴ്നാട് മാനിക്കുന്നതായും മന്ത്രി ജലവിഭവ മന്ത്രി ദുരൈമുരുകന്‍ പറഞ്ഞു. രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ പ്രശ്‍നത്തിനില്ല. വൈകാരിക വിഷയത്തില്‍ പ്രശ്‍നങ്ങള്‍ സൃഷ്ടിക്കാനില്ലെന്നും ദുരൈമുരുകന്‍ പറഞ്ഞു. മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഉത്തരവ് മരവിപ്പിച്ചെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

23 മരം മുറിക്കണമെന്നാണ് തമിഴ്നാട് ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ രണ്ട് ദിവസം മുമ്പാണ് ഇക്കാര്യം അറിഞ്ഞതെന്നും ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഉത്തരവ് മരവിപ്പിക്കുകയായിരുന്നെന്നും ശശീന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ നിലപാടിന് എതിരായ ഉദ്യോ​ഗസ്ഥ നടപടി അം​ഗീകരിക്കില്ല. ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ഉണ്ടാവും. ശിക്ഷിക്കേണ്ടവരെ ശിക്ഷിക്കും. ആരുടെ മുന്നിലും മുട്ട് മടക്കേണ്ട സാഹചര്യമില്ല. ഒറ്റക്കെട്ടായി ജനങ്ങളെ സംരക്ഷിക്കും. കേരളത്തിന് സുരക്ഷ, തമിഴ്നാടിന് വെള്ളം, ഇതാണ് സര്‍ക്കാരിന്‍റെ നയമെന്നും മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കിയ വിവാദ ഉത്തരവുമായി ബന്ധപ്പെട്ട് സെക്രട്ടറിമാരോട് വിശദീകരണം തേടാനൊരുങ്ങുകയാണ് സര്‍ക്കാര്‍. വനം – ജലവിഭവ സെക്രട്ടറിമാരില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം തേടുക. സെക്രട്ടറിമാരുടെ യോഗ തീരുമാനം അനുസരിച്ചാണ് ഉത്തരവ് എന്നായിരുന്നു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ വിശദീകരണം. മരംമുറിക്കാനുള്ള ഉത്തരവ് ഞായറാഴ്ച കേരളം മരവിപ്പിച്ചിരുന്നു.