മുംബൈ: ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ താരപുത്രന് ആര്യന് ഖാന് നിരപരാധി ആണെന്നും ലഹരിയുടെ ആര്യന് ബന്ധമില്ലെന്നും മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. ആര്യനെതിരെ നടന്നത് വന്‍ ഗൂഡാലോചന ആണെന്നും ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ തട്ടിക്കൊണ്ടുപോകാനും മോചനദ്രവ്യം ആവശ്യപ്പെടാനുമായിരുന്നു പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി നേതാവ് മോഹിത് കംബോജാണ് ഇതിന് പിന്നിലെ ആസൂത്രകനെന്നും അദ്ദേഹം പറഞ്ഞു.
‘ആര്യന് ഖാന് ആഡംബര കപ്പലിലെ പാര്‍ട്ടിയ്ക്ക് വേണ്ടി ടിക്കറ്റെടുത്തിരുന്നില്ല. പ്രതിക് ഗാബയും ആമിറുമാണ് ആര്യനെ അവിടെയെത്തിച്ചത്. തട്ടിക്കൊണ്ടുപോകലും മോചനദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നു ലക്ഷ്യം. മോചനദ്രവ്യം ആവശ്യപ്പെട്ട സമീര്‍ വാങ്കഡെയുടെ പങ്കാളിയാണ് മോഹിത് കംബോജ്. കേസില്‍ ആര്യന് അറസ്റ്റിലായി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 7 ന് ഒഷിവാര ശ്മശാനത്തിന് പുറത്ത് കാംബോജും വാങ്കഡെയും കണ്ടുമുട്ടി’, മാലിക്ക് പറഞ്ഞു.
ലഹരിക്കടത്ത് കേസില്‍ അകപ്പെട്ട മൂന്ന് പേരെ എന്‍.സി.ബി വിട്ടയച്ചതായും അദ്ദേഹം ആരോപിച്ചു. റിഷഭ് സച്ച്ദേവ, പ്രതീക് ഗാബ, അമീര്‍ ഫര്‍ണിച്ചര്‍വാല എന്നിവരെയാണ് വിട്ടയച്ചത്.ഇതില്‍ റിഷഭ്, മോഹിത് കംബോജിന്റെ ഭാര്യാസഹോദരനാണെന്നും മന്ത്രി പറഞ്ഞു. അതേസമയം ആര്യന് ഖാനെതിരായ അന്വേഷണത്തില്‍ നിന്ന് സമീര്‍ വാങ്കഡെയെ മാറ്റിയിട്ടുണ്ട്. വാങ്കഡെയ്ക്ക് പകരം സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള എന്‍.സി.ബിയുടെ പ്രത്യേക അന്വേഷണ സംഘമാണ് ഇനി കേസ് അന്വേഷിക്കുക.