തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ മുറിച്ച് നീക്കാന്‍ സംസ്ഥാന വനംവകുപ്പ് തമിഴ്നാടിന് അനുമതി നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനോ അദ്ദേഹത്തിന്റെ ഓഫീസോ അറിഞ്ഞിട്ടില്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്.
തനിക്കോ ജലവിഭവവകുപ്പ് മന്ത്രിക്കോ ഇക്കാര്യമറിയുമായിരുന്നില്ലെന്നും വിഷയത്തില്‍ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും എ കെ ശശീന്ദ്രന് വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കേരളത്തിന് നന്ദിയറിയിച്ച് പത്രക്കുറിപ്പ് പുറത്തിറക്കിയതോടെയാണ് മരംമുറിക്ക് കേരളം അനുമതി നല്‍കിയെന്ന വിവരം പുറത്ത് വന്നത്. ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബെന്നിച്ചന് തോമസാണ് അനുമതി നല്‍കിയതെന്നാണ് ഉത്തരവിലുള്ളത്.
പുതിയ അണകെട്ട് വേണ്ടെന്നും ബേബി ഡാം ബലപ്പെടുത്തിയാല്‍ മതിയെന്നും തമിഴ്നാട് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബേബി ഡാം ബലപ്പെടുത്തിയാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കുന്നത് പരിഗണിക്കുമെന്നായിരുന്നു അണക്കെട്ട് സന്ദര്‍ശിച്ച ശേഷം തമിഴ്നാട് ജലസേചന വകുപ്പ് മന്ത്രിയുടെ പ്രതികരണം. ഡാം ബലപ്പെടുത്തുന്നതിന് വേണ്ടിയാണ് മരം മുറിക്കുന്നത്. ഇതിനായി തമിഴ്നാട് സര്‍ക്കാര്‍ കേരളത്തിന്റെ അനുമതി തേടിയിരുന്നു.