ലക്നൗ: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പെട്രോൾ, ഡീസൽ വിലയിൽ വൻ കുറവ് വരുത്തി ഉത്തർപ്രദേശ്. കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീ സലിന്റെയും എക്സൈസ് നികുതി കുറച്ചതിനു പിന്നാലെ ഇവയുടെ മൂല്യവർധിത നികുതി ഉത്തർപ്രദേശ് വെട്ടിക്കുറച്ചു.
രണ്ട് ഇന്ധനത്തിന്റെയും മൂല്യവർധിത നികുതിയിൽ (വാറ്റ്) 12 രൂപയുടെ കുറവാണ് വരുത്തിയത്. ഇതോടെ യോഗിയുടെ യുപിയിൽ പെട്രോളിന് ഏകദേശം 20 രൂപയുടേയും ഡീസലിന് 22 രൂപയുടേയും കുറവ് വരും.
സംസ്ഥാനങ്ങളിൽ മൂല്യവർധിത നികുതി ഏറ്റവും കൂടുതൽ കുറച്ചത് യുപിയാണ്. മൂന്നു മാസത്തിനുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ വോട്ടർമാരെ കൈയിലെടുക്കാനുള്ള യോഗിയുടെ തന്ത്രമായാണ് പ്രതിപക്ഷം ഇതിനെ കാണുന്നത്.
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്കുണ്ടായ തരിച്ചടിയും പെട്രോൾ, ഡീസൽ വിലക്കുറവിന് കാരണമായി. കർഷക പ്രതിഷേധം തണുപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. കർഷകരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഇന്ധന വില കുറയ്ക്കുക എന്നത്.