സ്വര്‍ണക്കടത്ത് കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സുപ്രീംകോടതിയിലേയ്ക്ക്

ന്യൂഡെല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സുപ്രീംകോടതിയിലേയ്ക്ക്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എന്‍ഐഎ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങുന്നത്. എന്‍ഐഎ കേസില്‍ സ്വപ്‌ന ഉള്‍പ്പെടെ ഏഴ് പ്രതികള്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

എന്‍ഐഎ കോടതിവിധിക്കെതിരായ അപ്പീലിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 25 ലക്ഷം രൂപയുടെ ബോണ്ടടക്കമുള്ള ഉപാധിയിലായിരുന്നു ജാമ്യം. 2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗില്‍ നിന്ന് 14.82 കോടി രൂപ വിലവരുന്ന സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിച്ചെടുത്തത്.

കസ്റ്റംസിന് പുറമെ ഇഡിയും എന്‍ഐഎയും കേസെടുത്തിരുന്നു. എന്‍ഐഎ ഉള്‍പ്പെടെയുള്ള കേസില്‍ സ്വപ്‌നയും സരിത്തും നല്‍കിയ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കേസില്‍ തങ്ങള്‍ക്കെതിരായി അന്വേഷണ സംഘത്തിന് തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രതികള്‍ വാദിച്ചിരുന്നു.