മുമ്പോട്ടെടുത്ത സ്വകാര്യബസിനടിയിൽപ്പെട്ട അമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം: മുമ്പോട്ടെടുത്ത സ്വകാര്യബസിനടിയിൽപോയ അമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു. പോലീസ് ബസ് കസ്റ്റഡിയിലെടുത്തു. തിരുനക്കര ബസ്‌സ്റ്റാൻഡിൽ ശനിയാഴ്ച രാവിലെ 9.30-നാണ് സംഭവം. കോട്ടയം-പാലാ റൂട്ടിൽ സർവീസ് നടത്തുന്ന വടശ്ശേരി ബസിൽ യാത്രക്കാരെ കയറ്റുമ്പോഴാണ് സംഭവം. ബസ്‌ സ്റ്റാൻഡിലെത്തി മറ്റു യാത്രക്കാർ കയറിയതിനുശേഷമാണ് എഴുവയസ്സ് പ്രായമുള്ള മകളും അമ്മയുമെത്തിയത്.

മകൾക്കൊപ്പം കയറുന്നതിനിടയിൽ ബസ് മുന്നോട്ടെടുത്തതോടെ ഇരുവരും താഴെവീണ് ബസിനടിയിലേക്കു പോകുകയായിരുന്നു. സ്റ്റാൻഡിൽനിന്ന മറ്റ് യാത്രക്കാരും വ്യാപാരികളും നിലവിളിച്ചതോടെ പെട്ടന്ന്‌ ഇരുവരെയും വലിച്ചെടുത്തു. അതിനാൽ വലിയ ദുരന്തം ഒഴിവായി. ബസ് ജീവനക്കാരുടെ അശ്രദ്ധയാണ് അപകടം വരുത്തിവെയ്ക്കുന്നതെന്ന്‌ മറ്റുയാത്രക്കാർ പറഞ്ഞു.

സ്റ്റാൻഡിലുണ്ടായിരുന്ന എയ്ഡ് പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥർ ഉടനെത്തി നടപടിയെടുത്തു. പോലീസ്‌ അമ്മയുടെയും കുട്ടിയുടെയും മൊഴിയെടുത്തു. തുടർന്ന്, ബസിലുണ്ടായിരുന്ന യാത്രക്കാരെ പുറത്തിറക്കി ബസ് കസ്റ്റഡിയിലെടുത്തു. മത്സരയോട്ടത്തിനായി അശ്രദ്ധമായി ബസ് ഓടിക്കുന്ന സംഭവം സ്വകാര്യ ബസ് ജീവനക്കാരെ സംബന്ധിച്ച സ്ഥിരം പരാതിയാണ്.

കഴിഞ്ഞ ദിവസം ഇവിടെ രണ്ട് ബസ് ജീവനക്കാർ തമ്മിൽ സമയംസംബന്ധിച്ച്‌ തമ്മിൽത്തല്ലും അസഭ്യവർഷവും നടത്തിയിരുന്നു. അന്ന്‌ നാട്ടുകാർ കോട്ടയം വെസ്റ്റ് പോലീസിൽ വിവരമറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി രണ്ടു ബസുകളും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തിരുന്നു.