മോന്‍സണെ സംശയമുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് നേരത്തെ കേസെടുത്തില്ല; പൊലീസിനെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: മോന്‍സന്‍ വിഷയത്തില്‍ സത്യം പുറത്ത് വരണമെന്ന് ഹൈക്കോടതി. പുരാവസ്തു തട്ടിപ്പ് കേസില്‍ കൃത്യമായ അന്വേഷണം വേണമെന്ന് നിര്‍ദ്ദേശിച്ച കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. സംശയമുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് നേരത്തെ കേസെടുത്തില്ലെന്ന് കോടതി ചോദിച്ചു. ഡിജിപി, എഡിജിപി എന്നിവര്‍ അയച്ച കത്തുകള്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

മോന്‍സന്‍ പുരാവസ്തു വിറ്റില്ലെന്നും അതിനാലാണ് കേസ് എടുക്കാതിരുന്നതെന്നുമാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍റെ വിശദീകരണം. കേസ് വീണ്ടും നവംബര്‍ 11ന് പരി​ഗണിക്കും. പുരാവസ്തു തട്ടിപ്പ് കേസില്‍ ഡിജിപി കത്തയച്ച്‌ എട്ട് മാസം കഴിഞ്ഞാണ് റിപ്പോര്‍ട്ട് വന്നതെന്ന് കോടതി വിമര്‍ശിച്ചു. ഡിജിപിയുടെ സത്യവാങ്മൂലം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നും കോടതി പറഞ്ഞു. മോണ്‍സനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളെ കുറിച്ച്‌ അല്ല അറിയേണ്ടത്. പുരാവസ്തു സാധനങ്ങള്‍ എന്ന് പറഞ്ഞു ആരെ ഒക്കെ പറ്റിച്ചിട്ടുണ്ട് എന്നാണ് അറിയേണ്ടത്.

അധികാരത്തില്‍ ഉള്ള ആരെയെല്ലാമാണ് പറ്റിച്ചതെന്ന് കോടതി ചോദിച്ചു. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ നിയമ നടപടി നേരിടുമെന്ന് ഡിജിപി മറുപടി നല്‍കി. പൊലീസ് റിപ്പോര്‍ട്ട് പ്രകാരം രണ്ട് ഉദ്യോഗസ്ഥര്‍ മോന്‍സന്റെ അടുത്ത് പോയിട്ടുണ്ട്. മോന്‍സന്‍റെ കയ്യിലുള്ളത് പുരാവസ്തു അല്ലെന്ന കാര്യം ഈ ഉദ്യോഗസ്ഥര്‍ക്ക് അറിയില്ലായിരുന്നോ എന്ന് കോടതി ചോദിച്ചു.

മോന്‍സന്‍റ കേസില്‍ നിയമ ലംഘനം നടന്നു എന്ന് മനസിലായില്ലേ. അത് രജിസ്റ്റര്‍ ചെയ്ത വസ്തുക്കള്‍ ആന്നോ എന്ന് അവര്‍ അന്വേഷിച്ചോ. 2019 മെയ് 22 ന് ഇത് സംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്ന് ഡിജിപി കത്ത് അയച്ചെന്ന് പറയുന്നു. പക്ഷേ അതില്‍ 8 മാസം എടുത്തു ഒരു റിപ്പോര്‍ട്ട് വരാന്‍. പൊലീസിന് സംശയം ഉണ്ടായിരുന്നുവെങ്കില്‍ എന്ത് കൊണ്ട് മേല്‍ പറഞ്ഞ നിയമപ്രകാരം കേസ് എടുത്തില്ല എന്ന് കോടതി ചോദിച്ചു.