തിരുവനന്തപുരം: കേരളത്തിൽ അമ്മയാകുന്നവരിൽ 4.37 ശതമാനം പേരും പതിനഞ്ചിനും പത്തൊമ്പതിനുമിടയിൽ പ്രായമുള്ളവരെന്ന് കണക്ക്. കൂട്ടുകാർക്കും പാഠപുസ്തകങ്ങൾക്കു മിടയിൽ വളരേണ്ട കൗമാരക്കാരാണ് പക്വതയാർജജിക്കും മുന്നേ അമ്മമാരാകേണ്ടിവരുന്നത്. 2019ൽ മാത്രം 20,995 പേരാണ് പത്തൊമ്പത് വയസ്സിനുമുമ്പേ അമ്മയായത്. 15വയസിലും താഴെയുള്ള മൂന്ന് അമ്മമാരും ഇക്കൂട്ടത്തിലുണ്ട്.
സംസ്ഥാന എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന കണക്ക്. പത്താം തരം ജയിക്കുകയും കോളേജ് വിദ്യാഭ്യാസം ലഭിക്കാത്തവരുമാണ് ഇവരിൽ കൂടുതൽ. 16,139 പേരാണ് ഈ ഗണത്തിലുള്ളത്. 57 പേർ മാത്രമാണ് നിരക്ഷരർ. 38 പേർ പ്രൈമറി വിദ്യാഭ്യാസം ലഭിച്ചവരാണ്. പത്താം ക്ലാസിനു താഴെയുള്ള 1463 പേരുമുണ്ട്. അഞ്ചു വർഷത്തെ കണക്ക് പരിശോധിച്ചാൽ കൗമാരക്കാരായ അമ്മമാരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നുണ്ട്. 2015 (23,893) 2016 (22,934), 2017 (22,552), 2018 (20,461)എന്നിങ്ങനെയാണ് കണക്കുകൾ.
2019ൽ 4,80,113 കുട്ടികളാണ് കേരളത്തിൽ പിറന്നത്. ഇതിൽ 20,995 കുരുന്നുകൾക്ക് ജന്മം നൽകിയത് കൗമാരക്കാരാണ്. (പ്രായം 15–-18). ഇതിൽ 316 പേരുടെ രണ്ടാം പ്രസവമാണ്. 59 പേരുടെ മൂന്നാമത്തെയും 16 പേരുടെ നാലാമത്തെയും കുട്ടിയാണ്.
നഗരങ്ങളിലാണ് ഇത്തരം പ്രസവം കൂടുതൽ. 15,248 കൗമാരകാരികളാണ് നഗരങ്ങളിൽ പ്രസവിച്ചത്. ഗ്രാമങ്ങളിൽ 5747 പേരും. 20നും 24നും ഇടയിൽ പ്രായമുള്ള 1,60,416 പേരുണ്ട്.
മലപ്പുറം ജില്ലയിലാണ് ഇത്തരം പ്രസവം കൂടുതൽ – 20.73 ശതമാനം പേർ . വയനാടും 5747 പേർ (17.28 ശതമാനം) കോഴിക്കോട്(17.22 ശതമാനം) തൊട്ടുപിന്നിൽ. 8.28 ശതമാനമുള്ള ആലപ്പുഴയിലാണ് ഏറ്റവും കുറവ്.