തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാം മുൻനിശ്ചയിച്ച പ്രകാരം നാളെ തുറക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. സുപ്രീം കോടതി നിര്‍ദേശം മുല്ലപ്പെരിയാര്‍ ഡാം നാളെ തുറന്നു വിടുന്നതില്‍ മാറ്റം ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ നിശ്ചയപ്രകാരം തന്നെ വെള്ളിയാഴ്ച രാവിലെ ഏഴിന് ഡാം തുറന്ന് ജലനിരപ്പ് കുറക്കും. 139.5 എന്ന റൂള്‍ കര്‍വ് നവംബര്‍ ഒന്നു മുതലാണ് പ്രാബല്യത്തില്‍ വരിക. നിലവില്‍ 138 അടിതന്നെയാണ് തമിഴ്നാട് മുന്നോട്ടു വച്ചിരിക്കുന്ന റൂള്‍ കര്‍വ്.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച് സുപ്രീം കോടതി നിര്‍ദേശം പ്രതീക്ഷ നല്‍കുന്നതാണ്. നിലവില്‍ തമിഴ്നാട് നല്‍കിയിരിക്കുന്ന റൂള്‍ കര്‍വിനെതിരെ കേരളത്തിന്റെ വാദങ്ങള്‍ വിശദീകരിച്ച് വിശദമായ സത്യവാങ്മൂലം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിലൂടെ കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ഡാം തുറക്കുന്നതിൽ ആശങ്കവേണ്ടെന്നും എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്നും റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. മുല്ലപ്പെരിയാര്‍ തുറക്കുമ്പോള്‍ 2018 ലേ അത്ര ഗുരുതരമായ സഹാചര്യമില്ലെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തല്‍. റവന്യു, പോലീസ്, ഫയര്‍ഫോഴ്സ്, എന്‍ഡിആര്‍ എഫ് സംഘങ്ങള്‍ സജ്ജമാണ്. ജില്ലാ കളക്ടര്‍ കൃത്യമായി വിവരം അറിയിക്കും.
തെറ്റായ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുത്. അണക്കെട്ട് തുറക്കുമ്പോള്‍ എത്ര ജലം തുറക്കും എന്നതിനെ അടിസ്ഥാനമാക്കിയാണ് ഒഴിപ്പിക്കല്‍ പൂർത്തിയാക്കുന്നത്. ക്യാമ്പുകളും വാഹനങ്ങളും ഉദ്യോഗസ്ഥരേയും തയാറാക്കിയിട്ടുണ്ടെന്നും റവന്യൂമന്ത്രി പറഞ്ഞു.