ന്യൂഡെല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യന്‍ചന്ദ് ഖേല്‍ രത്ന പുരസ്ക്കാരങ്ങള്‍ക്ക് മലയാളി പി ആര് ശ്രീജേഷ് അടക്കം പതിനൊന്ന് കായിക താരങ്ങളുടെ പേരുകള്‍ ശുപാര്‍ശ ചെയ്തു. ഒളിമ്പിക് കായികരംഗത്ത് ഇന്ത്യ അഭൂതപൂര്‍വമായ നേട്ടം കൈവരിച്ച ഈ വര്‍ഷം കായിക ബഹുമതിക്കായി ഏറ്റവും കൂടുതല്‍ താരങ്ങളെയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണമെഡല്‍ ജേതാവായ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര, ഗുസ്തിയില്‍ വെളളി മെഡല്‍ നേടിയ രവി ദാഹിയ, മലയാളിയും ഹോക്കി താരവുമായ പിഎസ് ശ്രീജേഷ് എന്നിവരടക്കം 11 അത്ലറ്റുകളെയാണ് പുരസ്ക്കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്.
ഒളിമ്പിക്സ് മെഡല്‍ ജേതാക്കളെ കൂടാതെ ഫുട്ബോള്‍ താരം സുനില്‍ ഛേത്രി, ക്രിക്കറ്റ് താരം മിതാലി രാജ് എന്നിവരെയും പുരസ്കാരത്തിനായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാരാലിമ്പിക് ഷൂട്ടര്‍ അവനി ലേഖാ അടക്കം അഞ്ച് പാരാ അത്ലറ്റുകളും ഖേല്‍രത്ന പുരസ്ക്കാരത്തിനായി നിര്ദ്ദേശിക്കപ്പെട്ടവരില്പ്പെടുന്നു.
അതേസമയം, ഇന്ത്യന്‍ ബാറ്റ്സ്മാന് ശിഖര്‍ ധവാന് അടക്കം 35 കായികതാരങ്ങളെ അര്‍ജുന അവാര്‍ഡിനായും നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.
ഖേല്‍രത്ന അവാര്‍ഡിന് ശുപാര്‍ശ ചെയ്യപ്പെട്ട 11 കായിക താരങ്ങള്‍:
നീരജ് ചോപ്ര (ജാവലിന്‍)
രവി ദാഹിയ (ഗുസ്തി)
പി ആര് ശ്രീജേഷ് (ഹോക്കി)
ലോവ്ലിന ബോര്ഗഹെയ്ന് (ബോക്സിംഗ്)
സുനില്‍ ഛേത്രി (ഫുട്ബോള്‍)
മിതാലി രാജ് (ക്രിക്കറ്റ്)
പ്രമോദ് ഭഗത് (ബാഡ്മിന്റണ്‍)
സുമിത് ആന്റില്‍ (ജാവലിന്‍)
ആവണി ലേഖര (ഷൂട്ടിംഗ്)
കൃഷ്ണ നഗര്‍ (ബാഡ്മിന്റണ്‍)
മനീഷ് നര്‍വാള്‍ (ഷൂട്ടിംഗ്)
മുമ്പ് രാജീവ് ഗാന്ധി ഖേല്‍രത്ന അവാര്‍ഡ് എന്നറിയപ്പെട്ടിരുന്ന പുരസ്കാരമാണ് ധ്യാന്‍ചന്ദ് ഖേല്‍രത്ന എന്ന പേരില്‍ പുനര്‍ നാമകരണം ചെയ്തത്. ടോക്യോ ഒളിംപിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഐതിഹാസികമായ പ്രകടനത്തിന് പിറകെയായിരുന്നു ഹോക്കി ഇതിഹാസ താരം ധ്യാന്‍ചന്ദിന്റെ പേരില്‍ പുരസ്കാരം പുനര്‍നാമകരണം ചെയ്തത്.