തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ആവശ്യങ്ങള്‍ ഉന്നയിച്ച് അടുത്ത മാസം ഒന്‍പതാം തീയതി മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്നാണ് ബസുടമകള്‍ അറിയിച്ചിരിക്കുന്നത്. കൊറോണ , ഇന്ധനവില വര്‍ധന എന്നിവ കാരണം സര്‍വീസ് തുടരാന്‍ കഴിയാത്ത സ്ഥിതിയിലാണെന്ന് ബസുടമകള്‍ പറയുന്നു.
ഇതിന് മുന്‍പ് 2018ലാണ് ബസ് ചാര്‍ജ് പരിഷ്കരിച്ചത്. അന്ന് ഡീസലിന് ലിറ്ററിന് 60ന് മുകളിലായിരുന്നു വില. ഇപ്പോള്‍ ഇത് നൂറ് കടന്നു. ഇതിന് പുറമേ കൊറോണ പശ്ചാത്തലത്തില്‍ ബസില്‍ കയറുന്ന യാത്രക്കാരുടെ എണ്ണം വളരെ കുറവാണ്. ഇതും പ്രതിസന്ധി സൃഷ്ടിക്കുന്നതായി ബസുടമകള്‍ ചൂണ്ടിക്കാണിക്കുന്നു.
നിലവില്‍ മിനിമം ചാര്‍ജ് എട്ടുരൂപയാണ്. ഇത് വര്‍ധിപ്പിക്കണം എന്നതടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല സമരത്തിലേക്ക് സ്വകാര്യ ബസുകള്‍ നീങ്ങുന്നത്. സർക്കാർ ഇക്കാര്യത്തിൽ എന്തു നിലപാട് സ്വീകരിക്കുമെന്ന് കാത്തിരിക്കുകയാണ് ബസുടമകൾ.